പുതുവർഷ ആഘോഷങ്ങൾക്കിടെ സിഡ്‌നിക്ക് സമീപം കടലിൽ നിരവധി അപകടങ്ങൾ; രണ്ട് മരണം; രണ്ട് പേരെ കാണാതായി

പുതുവർഷ ആഘോഷങ്ങൾക്കിടെ സിഡ്‌നിക്ക് സമീപം കടലിൽ നിരവധി അപകടങ്ങൾ; രണ്ട് മരണം; രണ്ട് പേരെ കാണാതായി

സിഡ്‌നി: പുതുവത്സരാഘോഷങ്ങൾക്കിടെ സിഡ്‌നിയിലെ വിവിധ കടൽതീരങ്ങളിലുണ്ടായ അപകടങ്ങളിൽ രണ്ട് മരണം. ഒരു യുവതിയും ഒരു പുരുഷനുമാണ് മരിച്ചത്. വ്യത്യസ്ത അപകടങ്ങളിലായി രണ്ട് പേരെ കാണാതായതായും അധികൃതർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെ സിഡ്‌നിയുടെ കിഴക്കൻ ഉപനഗരമായ മറൂബ്ര ബീച്ചിലാണ് ആദ്യ അപകടം നടന്നത്. 25 വയസുള്ള യുവതി ശക്തമായ തിരമാലയിൽപ്പെട്ട് ടൈഡൽ പൂളിൽ നിന്ന് കടലിലേക്ക് ഒഴുകിപ്പോവുകയായിരുന്നു. ഒരു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ യുവതിയുടെ മൃതദേഹം കണ്ടെടുത്തു.

ന്യൂ ഇയർ ഈവിനിടെ പാം ബീച്ചിന് വടക്ക് ബോട്ട് മറിഞ്ഞാണ് രണ്ടാമത്തെ അപകടമുണ്ടായത്. ബോട്ടിലുണ്ടായിരുന്ന ഒരാളെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതേ ബോട്ടിലുണ്ടായിരുന്ന 14 വയസുകാരനെ കണ്ടെത്താനായി തിരച്ചിൽ തുടരുകയാണ്. അപകടത്തിൽപ്പെട്ട മറ്റൊരാൾ പാറക്കെട്ടുകളിൽ കയറി രക്ഷപ്പെട്ടു.

കൂജി ബീച്ചിൽ വ്യാഴാഴ്ച രാവിലെ ആറുമണിയോടെ ഇരുപതുകളിൽ പ്രായമുള്ള ഒരാളെ കാണാതായതായും റിപ്പോർട്ടുണ്ട്. ഇയാൾക്കായി സർഫ് ലൈഫ് സേവിംഗ് ന്യൂ സൗത്ത് വെയിൽസും അടിയന്തര സേവന വിഭാഗങ്ങളും തിരച്ചിൽ നടത്തിവരികയാണ്.

ബുധനാഴ്ച മാത്രം 19 തീരദേശ രക്ഷാപ്രവർത്തനങ്ങൾ നടത്തിയതായി സർഫ് ലൈഫ് സേവിംഗ് അധികൃതർ അറിയിച്ചു. കടൽ പ്രക്ഷുബ്ധമായതിനാൽ സന്ദർശകർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.