മുട്ട കഴിച്ചാല്‍ ക്യാന്‍സര്‍ വരില്ല: വ്യാജ പ്രചാരണങ്ങളില്‍ വ്യക്തത വരുത്തി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി

മുട്ട കഴിച്ചാല്‍ ക്യാന്‍സര്‍ വരില്ല: വ്യാജ പ്രചാരണങ്ങളില്‍ വ്യക്തത വരുത്തി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി

ന്യൂഡല്‍ഹി: മുട്ട കഴിച്ചാല്‍ ക്യാന്‍സര്‍ വരുമെന്ന വ്യാജ പ്രചാരണങ്ങളില്‍ വ്യക്തത വരുത്തി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി(എഫ്എസ്എസ്എഐ). രാജ്യത്തെ പൊതുവിപണിയില്‍ ലഭ്യമാകുന്ന മുട്ടകള്‍ ഭക്ഷ്യയോഗ്യമാണെന്ന് എഫ്എസ്എസ്എഐ വ്യക്തമാക്കി.

മുട്ടകളില്‍ അര്‍ബുദത്തിന് കാരണമായേക്കാവുന്ന മാരക രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ തള്ളിക്കൊണ്ടാണ് ദേശീയ ഭക്ഷ്യസുരക്ഷാ മാനദണ്ഡ അതോറിറ്റി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. ഇത്തരം റിപ്പോര്‍ട്ടുകള്‍ ജനങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്താന്‍ കാരണമാണെന്നും ആരോപണങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നും എഫ്എസ്എസ്എഐ അറിയിച്ചു.

പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്തതുമായ സന്ദേശമാണ് പ്രചരിക്കുന്നതെന്നും ഇവ അനാവശ്യമായ പൊതുജന ആശങ്ക സൃഷ്ടിക്കുമെന്നും എഫ്എസ്എസ്എഐ കൂട്ടിച്ചേര്‍ത്തു.

മുട്ടകളില്‍ നൈട്രോഫ്യൂറാനുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വീഡിയോ കഴിഞ്ഞ ദിവസം വന്‍ തോതില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് രാജ്യത്തെമ്പാടുമുള്ള മുട്ടയുടെ സാമ്പിളുകള്‍ ശേഖരിച്ച് എഫ്എസ്എസ്എഐ പരിശോധിച്ചു. ഇതിന് ശേഷമാണ് പ്രചാരം വ്യാജമാണെന്ന് വിശദീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നിയന്ത്രണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുമായി പൊരുത്തപ്പെടുന്നതാണെന്നും എഫ്എസ്എസ്എഐ വ്യക്തമാക്കി.

2011 ലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരം കോഴിയിറച്ചിയുടെയും മുട്ടയുടെയും ഉല്‍പാദനത്തിന്റെ എല്ലാ ഘട്ടങ്ങളിലും നൈട്രോഫ്യൂറാനുകളുടെ ഉപയോഗം കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്ന് എഫ്എസ്എസ്എഐ അറിയിക്കുകയായിരുന്നു. ഭക്ഷണത്തില്‍ ഉള്‍പ്പെടുന്ന ചെറിയ തോതിലുള്ള നൈട്രോഫ്യൂറാന്‍ മെറ്റബോളൈറ്റുകളുമായുള്ള സമ്പര്‍ക്കം മനുഷ്യരില്‍ കാന്‍സറോ മറ്റ് പ്രതികൂല ആരോഗ്യ ഫലങ്ങളോ ഉണ്ടാക്കില്ലെന്നും എഫ്എസ്എസ്എഐ അറിയിച്ചു.

ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മുട്ട ഉത്പാദനം നടത്തുകയും വില്‍ക്കുകയും കഴിക്കുകയും ചെയ്യുമ്പോള്‍ യാതൊരു വിധ കുഴപ്പവുമുണ്ടാകില്ലെന്നും മാനദണ്ഡങ്ങള്‍ പാലിച്ച് മുട്ടകള്‍ ഉല്‍പാദിപ്പിക്കുമ്പോള്‍ സമീകൃത പോഷകാഹാരമായി മുട്ട തുടരുമെന്നും എഫ്എസ്എസ്എഐ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.