ഗ്രാമഫോണിലൂടെ ടണ്‍ കണക്കിന് സംഗീതവും ഗൃഹാതുരയും; വ്യത്യസ്തമായൊരു റേഷന്‍ കട പരിചയപ്പെടാം

ഗ്രാമഫോണിലൂടെ ടണ്‍ കണക്കിന് സംഗീതവും ഗൃഹാതുരയും; വ്യത്യസ്തമായൊരു റേഷന്‍ കട പരിചയപ്പെടാം

കാസര്‍കോട്: നമ്മുടെ കാഞ്ഞങ്ങാട് വളരെ വ്യത്യസ്തമായ അനുഭവം സമ്മാനിക്കുന്ന ഒരു റേഷന്‍ കടയുണ്ട്. യുവ തലമുറയ്ക്ക് കൗതുകവും പ്രായമായവര്‍ക്ക് ഗൃഹാതുരയും സമ്മാനിക്കുന്ന റേഷന്‍ കട. പുതുമക്കാര്‍ക്ക് അത്ര പരിചിതമല്ലാത്ത ഗ്രാമഫോണ്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടൊപ്പം സംഗീതത്തേയും സ്‌നേഹിക്കുന്ന ദമ്പതികളാണ് റേഷന്‍ കട നടത്തുന്ന സുരേഷും ഭാര്യ രതിയും.

മറ്റ് റേഷന്‍ കടകളില്‍ തിക്കും തിരക്കും ബഹളവുമൊക്കെയാണെങ്കില്‍ മേലാങ്കോട്ടെ റേഷന്‍ കടയില്‍ ആര്‍ക്കും തിരക്കില്ല. എല്ലാവരും നിശബ്ദരായി പാട്ട് കേള്‍ക്കുന്ന തിരക്കിലാകും. നാട്ടിലെ പഴമക്കാരുടെ ഇഷ്ട കേന്ദ്രമാണ് ഇവിടം. കള്ളിച്ചെല്ലമ്മയിലെയും നീലക്കുയിലിലെയും പാട്ടുകളുടെ സിഡി അടക്കം ഇവിടെയുണ്ട്. റേഷനൊന്നും വാങ്ങാന്‍ ഇല്ലെങ്കിലും വൈകുന്നേരങ്ങളില്‍ ഇവിടെയെത്തി സംഗീതം ആസ്വദിക്കുന്നത് ദിനചര്യയാക്കിയ പലരും ഉണ്ട്.

രതിയുടെയും സുരേഷിന്റെയും പാട്ട് കമ്പം കണ്ട് അനീഷ് എന്ന ചെറുപ്പക്കാരനാണ് ഇവര്‍ക്ക് ഗ്രാമഫോണ്‍ സമ്മാനിച്ചത്. റേഷന്‍ വാങ്ങാനെത്തുന്നവരെക്കാള്‍ പാട്ട് കേള്‍ക്കാന്‍ എത്തുന്നവര്‍ കൂടിയതോടെ കട തുറക്കുന്നത് മുതല്‍ അടയ്ക്കുന്നതുവരെ ഗ്രാമഫോണ്‍ പ്രവര്‍ത്തിപ്പിക്കും. ടെലിവിഷനും ബ്ലൂടൂത്ത് സ്പീക്കറും ഒക്കെ അരങ്ങ് വാഴുന്ന കാലത്ത് ഗ്രാമഫോണ്‍ സംഗീതത്തിന് മാധുര്യമേറുന്നുണ്ടെന്ന് മേലാങ്കോട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.