പാക് ഭീകര സംഘടനകളായ ജെയ്ഷെയും ലഷ്‌കറെയും ഒരുമിക്കുന്നതായി റിപ്പോര്‍ട്ട്; ബഹാവല്‍പുരില്‍ സംയുക്ത യോഗം

പാക് ഭീകര സംഘടനകളായ ജെയ്ഷെയും ലഷ്‌കറെയും ഒരുമിക്കുന്നതായി റിപ്പോര്‍ട്ട്; ബഹാവല്‍പുരില്‍ സംയുക്ത യോഗം

ന്യൂഡല്‍ഹി: പാക് ഭീകര സംഘടനകളായ ജെയ്ഷെ മുഹമ്മദും ലഷ്‌കറെ തൊയ്ബയും ഒരുമിച്ച് പ്രവര്‍ത്തിക്കാനൊരുങ്ങുന്നതായി സൂചന. ഇരു സംഘടനകളിലെയും കമാന്‍ഡര്‍മാര്‍ അടക്കമുള്ള മുതിര്‍ന്ന അംഗങ്ങള്‍ പാകിസ്ഥാനിലെ ബഹാവല്‍പുരിലുള്ള ജെയ്ഷെ ആസ്ഥാനത്ത് യോഗം ചേര്‍ന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ സൈന്യം തകര്‍ത്ത പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ജെയ്ഷെ ആസ്ഥാനമായ ബഹാവല്‍പുര്‍. ഇവിടെ വെച്ചാണ് ജെയ്ഷെ, ലഷ്‌കറെ അംഗങ്ങളുടെ വലിയ യോഗം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ലഷ്‌കറെ ഡെപ്യൂട്ടി ചീഫ് സൈഫുള്ള കസൂരി ജെയ്ഷെ കമാന്‍ഡര്‍ക്കൊപ്പമുള്ള ചിത്രങ്ങളടക്കം പുറത്തു വന്നിട്ടുണ്ട്.

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യതകര്‍ത്ത പാകിസ്ഥാനിലെ പല ഭീകര കേന്ദ്രങ്ങളും പുനര്‍നിര്‍മിക്കുന്നതായി നേരത്തേ വിവരങ്ങളുണ്ടായിരുന്നു. പാക് അധീന കാശ്മീരിലെ റവാല്‍ക്കോട്ടില്‍ ഇന്ത്യന്‍ സേന തകര്‍ത്ത ലോഞ്ച് പാഡുകളടക്കം ഭീകരര്‍ പുനര്‍നിര്‍മിക്കുന്നതായാണ് റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നത്.

ചെങ്കോട്ട ആക്രമണത്തിന് ശേഷം പുതിയ ആക്രമണങ്ങള്‍ക്കായി ജെയ്ഷെയുടെ നേതൃത്വത്തില്‍ സ്ത്രീകളടങ്ങിയ പുതിയ ചാവേര്‍ സംഘത്തെ തയ്യാറാക്കുന്നതായും വാര്‍ത്തകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ജെയ്ഷെയും ലഷ്‌കറെയും യോജിച്ച് പ്രവര്‍ത്തിക്കുന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്ു വരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.