പാകിസ്ഥാനില്‍ ദേശീയ ന്യൂനപക്ഷ അവകാശ കമ്മിഷന്‍ രൂപീകരിക്കും; പ്രതീക്ഷ നല്‍കുന്ന ചുവടു വയ്‌പ്പെന്ന് പാക് മെത്രാന്‍ സമിതി പ്രസിഡന്റ്

പാകിസ്ഥാനില്‍ ദേശീയ ന്യൂനപക്ഷ അവകാശ കമ്മിഷന്‍ രൂപീകരിക്കും; പ്രതീക്ഷ നല്‍കുന്ന  ചുവടു വയ്‌പ്പെന്ന് പാക്  മെത്രാന്‍ സമിതി  പ്രസിഡന്റ്

ഇസ്ലമാബാദ്: മൗലികാവകാശങ്ങളും സുരക്ഷിതത്വവും ഉറപ്പു നല്‍കുന്ന ദേശീയ ന്യൂനപക്ഷ അവകാശ കമ്മിഷന്‍ രൂപീകരിക്കുന്നതിനുള്ള പ്രമേയം പാകിസ്ഥാന്‍ പാര്‍ലമെന്റ് അംഗീകരിച്ചു. ക്രിസ്ത്യാനികള്‍, ഹിന്ദുക്കള്‍, സിഖുകാര്‍, മറ്റ് മതങ്ങളില്‍ പെട്ടവര്‍ എന്നിവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഉത്തരവാദിത്വമുള്ള കമ്മിഷനായിരിക്കും ഇത്.

പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ 79 നെതിരെ 160 വോട്ടുകള്‍ക്കാണ് പ്രമേയം അംഗീകരിച്ചത്. പാക്കിസ്ഥാനിലെ ക്രിസ്ത്യാനികള്‍ക്കും ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും ഒരു നാഴികക്കല്ലാണ് ഈ നിയമം.

അവകാശ ലംഘനങ്ങള്‍ നിരീക്ഷിക്കാനും ദുരുപയോഗങ്ങള്‍ അന്വേഷിക്കാനും, പരാതികള്‍ പരിശോധിക്കാനും ജയിലുകളും പൊലീസ് സ്റ്റേഷനുകളും പരിശോധിക്കാനും കമ്മിഷന് അധികാരമുണ്ട്.

നിര്‍ബന്ധിത മതപരിവര്‍ത്തനം, നിര്‍ബന്ധിത വിവാഹം, മതനിന്ദ നിയമത്തിന്റെ ദുരുപയോഗം, പൊലീസ് സേനയുടെയും ചിലപ്പോള്‍ കോടതികളുടെ പോലും വിവേചന സമീപനം എന്നിവ അമുസ്ലിം സമൂഹങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളായി തുടരുന്നതിനിടെയാണ് പുതിയ നിയമത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരിക്കുന്നത്.

രാജ്യത്തിന് പ്രതീക്ഷ നല്‍കുന്ന ഒരു ചുവടുവയ്പ്പാണ് ഇതെന്ന് പാകിസ്ഥാന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് ഡോ. സാംസണ്‍ ഷുക്കാര്‍ഡിന്‍ പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.