തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ 13 ന്; കൂട്ടിയും കിഴിച്ചും മുന്നണികള്‍

തദ്ദേശ തിരഞ്ഞെടുപ്പ്:  വോട്ടെണ്ണല്‍ 13 ന്; കൂട്ടിയും കിഴിച്ചും മുന്നണികള്‍

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ശനിയാഴ്ച വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വോട്ടെണ്ണുന്നത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രത്തിലായിരിക്കും. മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലങ്ങളില്‍ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും.

സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ഇതു കൂടാതെ ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ അതാത് കളക്ടറേറ്റുകളിലാണ് 14 ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നത്. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റല്‍ ബാലറ്റുകള്‍ അതത് വരണാധികാരികളുടെ ടേബിളില്‍ എണ്ണും.

വോട്ടെണ്ണല്‍ ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കും. ആദ്യം വരണാധികാരിയുടെ ടേബിളില്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണി തുടങ്ങും. തുടര്‍ന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണും. വോട്ടെണ്ണലിന് ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ കണ്‍ട്രോള്‍ യൂണിറ്റുകള്‍ മാത്രമാണ് സ്ട്രോങ് റൂമുകളില്‍ നിന്നും ടേബിളുകളില്‍ എത്തിക്കുക.

വരണാധികാരി, ഉപ വരണാധികാരി, നിരീക്ഷകര്‍, സ്ഥാനാര്‍ത്ഥികള്‍, ഏജന്റുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും സ്ട്രോങ് റൂം തുറക്കുന്നത്. അവിടെ നിന്ന് ഓരോ വാര്‍ഡിലെയും മെഷീനുകള്‍ കൗണ്ടിങ് ഹാളിലേക്ക് കൊണ്ടു പോകും.

വാര്‍ഡുകളുടെ ക്രമനമ്പര്‍ പ്രകാരമായിരിക്കും വോട്ടിങ് മെഷീനുകള്‍ ഓരോ കൗണ്ടിങ് ടേബിളിലും വയ്ക്കുക. ഒരു വാര്‍ഡിലെ എല്ലാ പോളിങ് സ്റ്റേഷനുകളുടെയും മെഷീനുകള്‍ ഒരു ടേബിളിള്‍ തന്നെ ആയിരിക്കും എണ്ണുക. സ്ഥാനാര്‍ത്ഥിയുടെയോ സ്ഥാനാര്‍ത്ഥികള്‍ നിയോഗിക്കുന്ന കൗണ്ടിങ് ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ് ഓരോ ടേബളിലും വോട്ടെണ്ണുക.

ടേബിളിള്‍ വയ്ക്കുന്ന കണ്‍ട്രോള്‍ യൂണിറ്റില്‍ സീലുകള്‍, സ്പെഷ്യല്‍ ടാഗ് എന്നിവ കൃത്യമായി ഉണ്ടെന്ന് സ്ഥാനാര്‍ഥികളുടെയോ കൗണ്ടിങ്, ഇലക്ഷന്‍ ഏജന്റുമാരുടെയോ സാന്നിധ്യത്തില്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമായിരിക്കും വോട്ടെണ്ണല്‍ ആരംഭിക്കുക.

കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്നും ആദ്യം ഗ്രാമ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടെ വോട്ടു നില ലഭിക്കും. തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടെയും ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടെയും വോട്ടു വിവരം കിട്ടും. ഓരോ കണ്‍ട്രോള്‍ യൂണിറ്റിലെയും ഫലം അപ്പോള്‍ തന്നെ കൗണ്ടിങ് സൂപ്പര്‍വൈസര്‍ രേഖപ്പെടുത്തി വരണാധികാരിക്ക് നല്‍കും.

ഒരു വാര്‍ഡിലെ പോസ്റ്റല്‍ ബാലറ്റുകളും എല്ലാ ബൂത്തുകളിലെ വോട്ടുകളും എണ്ണി തീരുന്ന മുറയ്ക്ക് അതത് തലത്തിലെ വരണാധികാരി ഫലപ്രഖ്യാപനം നടത്തും. വരണാധികാരി അനുവദിക്കുന്ന വ്യക്തികളെ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയുള്ളൂ.

കൗണ്ടിങ് ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, ഇലക്ഷന്‍ ഏജന്റുമാര്‍, കൗണ്ടിങ്് ഏജന്റുമാര്‍ എന്നിവര്‍ക്കാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളത്. ഫലപ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ കൂട്ടിക്കിഴിക്കലുകളുടെ തിരക്കിലാണ് മുന്നണികള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.