മഹാരാഷ്ട്രയില്‍ താക്കറെ സഹോദരങ്ങള്‍ ഒന്നിക്കുന്നു; മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി സഖ്യം പ്രഖ്യാപിച്ചു

മഹാരാഷ്ട്രയില്‍ താക്കറെ സഹോദരങ്ങള്‍ ഒന്നിക്കുന്നു; മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി സഖ്യം പ്രഖ്യാപിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ രണ്ട് പതിറ്റാണ്ടായി അകല്‍ച്ചയിലായിരുന്ന  താക്കറെ സഹോദരങ്ങള്‍ ഒന്നിക്കുന്നു. ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) ഉള്‍പ്പെടെയുള്ള മഹാരാഷ്ട്രയിലെ 29 മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ശിവസേന നേതാവ് ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേനാ നേതാവ് രാജ് താക്കറെയും ഒന്നിച്ച് മത്സരിക്കും.

കോണ്‍ഗ്രസിനെ ഒഴിവാക്കിയാണ് താക്കറെ സഹോദരന്മാര്‍ മത്സരിക്കുന്നത്. ജനുവരി 15 നാണ് കോര്‍പ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ്. കഴിഞ്ഞ ജൂലൈയില്‍ മൂംബൈയില്‍ നടന്ന മഹാറാലിയില്‍ ഇരുവരും ഒരുമിച്ച് വേദി പങ്കിട്ടിരുന്നു.

ശിവസേനയും എംഎന്‍എസും ഒന്നിക്കുകയാണെന്നും ഏറെക്കാലമായി മഹാരാഷ്ട്ര കാത്തിരുന്നത് ഈ ഒരു ദിവസത്തിന് വേണ്ടിയാണെന്നും രാജ് താക്കറെ പറഞ്ഞു. എല്ലാത്തിനുമുപരി മഹാരാഷ്ട്രയെന്ന വികാരം മുറുകെപ്പിടിക്കുമെന്ന് രാജ് താക്കരെ വ്യക്തമാക്കി. ജനം കൈയടികളോടെയാണ് പ്രഖ്യാപനത്തെ എതിരേറ്റത്.

മുംബൈയുടെ മേയര്‍ ഒരു മറാത്തിയായിരിക്കും. അത് തന്റെയോ ഉദ്ധവിന്റെയോ പാര്‍ട്ടിയില്‍ നിന്നുള്ള ആളായിരിക്കുമെന്ന് രാജ് താക്കറെ പറഞ്ഞു. മറാത്തി ജനത മറ്റുള്ളവരെ ഒരിക്കലും പ്രതിസന്ധിയിലാക്കുകയില്ലെന്നും ആരെങ്കിലും വഴിയില്‍ വിലങ്ങു തടിയായാല്‍ അവരെ വെറുതെ വിടില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

ഇരു പാര്‍ട്ടികളും ഒന്നിക്കുന്നതായി പ്രഖ്യാപിച്ചെങ്കിലും സീറ്റ് വിഭജനത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. മഹാരാഷ്ട്രയിലെ 29 മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേയും സീറ്റ് വിഭജനം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) തിരഞ്ഞെടുപ്പ് ആണ് ഏവരും ഉറ്റുനോക്കുന്നത്. സീറ്റ് വിഭജനം സംബന്ധിച്ച് രാജ് താക്കറെയും ഉദ്ധവ് താക്കറെയും തമ്മില്‍ ചില അസ്വാരസങ്ങള്‍ ഉടലെടുത്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടരുകയാണെന്നാണ് ഉദ്ധവ് താക്കറെ വ്യക്തമാക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.