പുകമഞ്ഞില്‍ വലഞ്ഞ് ഉത്തരേന്ത്യ: വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാല് മരണം; 25 പേര്‍ക്ക് പരിക്ക്

പുകമഞ്ഞില്‍ വലഞ്ഞ് ഉത്തരേന്ത്യ: വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാല് മരണം; 25 പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെയും അയല്‍ സംസ്ഥാനങ്ങളെയും വലച്ച് ഉത്തരേന്ത്യയില്‍ കനത്ത പുകമഞ്ഞ്. കാഴ്ചാ പരിധി പൂജ്യമായി. ഡല്‍ഹിയിലെ വ്യോമ, റെയില്‍, റോഡ് ഗതാഗതം താറുമാറായി.

പുകമഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹി-ആഗ്ര എക്‌സ്പ്രസ് വേയില്‍ മഥുരയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. ഏഴ് ബസുകളും മൂന്ന് കാറുകളുമാണ് കൂട്ടിയിടിച്ചത്. കാഴ്ചാ പരിധി അങ്ങേയറ്റം കുറഞ്ഞതാണ് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. കൂട്ടിയിടിയെ തുടര്‍ന്ന് വാഹനങ്ങള്‍ക്ക് തീപിടിച്ചു. ഇത് മറ്റ് വാഹനങ്ങളിലെ യാത്രക്കാരെയും പ്രതിസന്ധിയിലാക്കി.

രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണെന്നും ഗതാഗതക്കുരുക്ക് മാറ്റാന്‍ ശ്രമം തുടരുകയാണെന്നും ഡല്‍ഹി എസ്എസ്പി ശ്ലോക് കുമാര്‍ അറിയിച്ചു. വാര്‍ത്ത അറിഞ്ഞതിന് പിന്നാലെ ഫയര്‍ സര്‍വീസ്, ലോക്കല്‍ പൊലീസ് സംഘങ്ങളെ ഉടന്‍ തന്നെ സംഭവ സ്ഥലത്തേക്ക് അയച്ചു. രക്ഷാപ്രവര്‍ത്തനം ഇപ്പോള്‍ ഏതാണ്ട് പൂര്‍ത്തിയായി. ഇതുവരെ നാല് പേര്‍ മരിച്ചെന്നാണ് സ്ഥിരീകരിക്കാനാവുന്ന വിവരമെന്നും അദേഹം വ്യക്തമാക്കി.

പരിക്കേറ്റ 25 ലേറെ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരിലാരുടെയും നില ഗുരുതരമല്ല. മറ്റുള്ള ആളുകളെ സര്‍ക്കാര്‍ വാഹനങ്ങളില്‍ അവരുടെ വീടുകളില്‍ എത്തിക്കാനുള്ള ക്രമീകരണങ്ങളും ചെയ്യുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഡല്‍ഹിക്ക് പുറമെ ഹരിയാന, യുപി എന്നിവിടങ്ങളിലും ശക്തമായ മൂടല്‍മഞ്ഞാണ് അനുഭവപ്പെടുന്നത്. മലിനീകരണം രൂക്ഷമായ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് നടപ്പിലാക്കിയിരിക്കുകയാണ്.

അതേസമയം അതിശൈത്യത്തിലേക്കെത്തിയ ഡല്‍ഹിയില്‍ സമാനസ്ഥിതി കുറച്ചുനാള്‍ കൂടി ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. രാത്രി 14 ഡിഗ്രിയും പുലര്‍ച്ചെ 10 ഡിഗ്രിയുമാണ് ഡല്‍ഹിയിലെ താപനില. ഇതോടൊപ്പമാണ് പുകമഞ്ഞും രൂക്ഷമായി തുടരുന്നത്. അതേസമയം പാര്‍ലമെന്റിലടക്കം വിഷയം ഉയര്‍ത്തിയിട്ടും യാതൊരു നടപടിയും സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളില്‍ നിന്ന് ഉണ്ടാകുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.