വത്തിക്കാനിൽ സീറോമലബാർ പ്രഭ ; മാർ റാഫേൽ തട്ടിൽ നയിച്ച ജൂബിലി തീർത്ഥാടനം ശ്രേദ്ധേയമായി

വത്തിക്കാനിൽ സീറോമലബാർ പ്രഭ ; മാർ റാഫേൽ തട്ടിൽ നയിച്ച ജൂബിലി തീർത്ഥാടനം ശ്രേദ്ധേയമായി

വത്തിക്കാൻ സിറ്റി: യൂറോപ്പിലെ സീറോമലബാർ അപ്പസ്തോലിക് വിസിറ്റേഷന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് നടന്ന ജൂബിലി തീർത്ഥാടനത്തിന് നേതൃത്വം നൽകി മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. സാർവത്രിക സഭയോടും വിശുദ്ധ പത്രോസിൻ്റെ സിംഹാസനത്തോടുമുള്ള സീറോമലബാർ സഭയുടെ സഭാത്മക ഐക്യം പ്രകടമാക്കുന്നതായിരുന്നു ഈ തീർത്ഥാടനം.

സീറോമലബാർ മെത്രാൻ സിനഡിന്റെ സെക്രട്ടറി ആർച്ച്‌ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, യൂറോപ്പിലെ സീറോമലബാർ വിശ്വാസികൾക്കായുള്ള അപ്പസ്തോലിക് വിസിസ്റ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവരും വൈദികരും സമർപ്പിതരും നൂറുകണക്കിന് വിശ്വാസികളും മാർ റാഫേൽ തട്ടിലിനെ അനുഗമിച്ചു.



ആഴമായ പ്രാർത്ഥനാഭാവത്തോടു കൂടി മേജർ ആർച്ച് ബിഷപ്പ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ വിശുദ്ധ കവാടത്തിലൂടെ പ്രവേശിച്ചു. തൻ്റെ അജപാലന ശുശ്രൂഷക്ക് ഏൽപ്പിക്കപ്പെട്ട സീറോമലബാർ വിശ്വാസികൾക്കായി ദൈവത്തിന്റെ സമൃദ്ധമായ കരുണയും കൃപയും അദേഹം ഈ നിമിഷത്തിൽ അപേക്ഷിച്ചു. ആത്മീയ നവീകരണത്തിൻ്റെയും പ്രത്യാശയുടെയും പ്രതീകമായി ഈ തീർത്ഥാടനം ജൂബിലി വർഷത്തിലെ അവിസ്മരണീയ നിമിഷമായി മാറി.

തീർത്ഥാടനത്തിന് ശേഷം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പരിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി. ആർച്ച്‌ ബിഷപ്പ് ജോസഫ് പാംപ്ലാനി, ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ സഹകാർമ്മികത്വം വഹിച്ചു.

സീറോമലബാർ സഭയുടെ സമ്പന്നമായ ആരാധനാക്രമ-ആത്മീയ പാരമ്പര്യത്തിൻ്റെ ശക്തമായ സാക്ഷ്യമായി ഈ വി. കുർബാനയർപ്പണം മാറി. നന്ദി, ആരാധന, സുവിശേഷ ദൗത്യത്തോടുള്ള പ്രതിബദ്ധത എന്നിവയുടെ അരൂപിയിൽ വിശ്വാസികളെ ഒരുമിപ്പിച്ച മഹത്തായ അനുഭവമായിരുന്നു വത്തിക്കാനിൽ നടന്ന ജൂബിലി തീർത്ഥാടനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.