ട്വന്റി-20: ദക്ഷിണാഫ്രിക്കയെ വീഴ്ത്തി പരമ്പരയില്‍ ഇന്ത്യ മുന്നില്‍ (2-1)

 ട്വന്റി-20: ദക്ഷിണാഫ്രിക്കയെ വീഴ്ത്തി പരമ്പരയില്‍ ഇന്ത്യ മുന്നില്‍ (2-1)

ധരംശാല: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് മിന്നുന്ന വിജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 118 റണ്‍സ് വിജയലക്ഷ്യം 15.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ അനായാസം മറികടന്നു.

ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി(2-1). ഇന്ത്യക്കായി മികച്ച പ്രകടനമാണ് ബൗളര്‍മാര്‍ കാഴ്ചവെച്ചത്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ അര്‍ധ സെഞ്ചുറി തികച്ച എയ്ഡന്‍ മാര്‍ക്രം മാത്രമാണ് തിളങ്ങിയത്.

118 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടേത് തകര്‍പ്പന്‍ തുടക്കമായിരുന്നു. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും പ്രോട്ടീസ് ബൗളര്‍മാരെ തകര്‍ത്തടിച്ചു. മൂന്നോവറില്‍ ടീം 42 റണ്‍സെടുത്തു.

അഞ്ചോവറില്‍ 60 റണ്‍സിലെത്തിയതിന് പിന്നാലെ അഭിഷേക് പുറത്തായി 18 പന്തില്‍ 35 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. മൂന്ന് വീതം ഫോറും സിക്സറുമടങ്ങുന്നതായിരുന്നു ഇന്നിങ്സ്.

രണ്ടാം വിക്കറ്റില്‍ ഗില്ലും തിലക് വര്‍മയും ചേര്‍ന്നാണ് സ്‌കോറുയര്‍ത്തിയത്. കൂറ്റനടികള്‍ക്ക് മുതിരാതെ ഇരുവരും ബാറ്റേന്തിയതോടെ ഇന്ത്യയുടെ റണ്‍റേറ്റ് കുറഞ്ഞു. സ്‌കോര്‍ 92 ല്‍ നില്‍ക്കേ ഗില്‍ പുറത്തായി.

28 പന്തില്‍ നിന്ന് 28 റണ്‍സാണ് ഗില്ലിന്റെ സമ്പാദ്യം. പിന്നാലെ നായകന്‍ സൂര്യകുമാര്‍ യാദവ് 12 റണ്‍സെടുത്ത് മടങ്ങി. പിന്നീടെത്തിയ തിലക് വര്‍മയും(25) ശിവം ദുബെയും(10) ചേര്‍ന്ന് ടീമിനെ ജയത്തിലെത്തിച്ചു.

നേരത്തേ 20 ഓവറില്‍ 117 റണ്‍സിന് ദക്ഷിണാഫ്രിക്ക പുറത്തായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെത് മോശം തുടക്കമായിരുന്നു. ഏഴ് റണ്‍സിനിടെ തന്നെ ടീമിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.

റീസ ഹെന്‍ഡ്രിക്സ്(0), ക്വിന്റണ്‍ ഡി കോക്ക്(1), ഡെവാള്‍ഡ് ബ്രവിസ്(2) എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. എന്നാല്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രമാണ് ടീമിനായി അല്‍പ്പമെങ്കിലും പൊരുതിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.