ശ്രീജിത്ത് വി. നായര്‍, വിനോദ് എസ്. കുമാര്‍
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) പ്രസിഡന്റായി അഡ്വ. ശ്രീജിത്ത് വി. നായര്‍ തിരഞ്ഞെടുക്കപ്പെട്ടു. അപെക്‌സ് കൗണ്‍സില്‍ അംഗമായിരുന്ന സതീശന്‍ കെ. വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. ശ്രീജിത്ത് വി. നായര്‍ കെസിഎ ട്രഷറര്‍, സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് നടന്ന അസോസിയേഷന്റെ 75-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. നിലവിലെ സെക്രട്ടറി വിനോദ് എസ്. കുമാറും ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരിയും അതേ സ്ഥാനങ്ങളില്‍ തുടരും.
പാലക്കാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയായ ടി. അജിത് കുമാര്‍ ആണ് പുതിയ ട്രഷറര്‍. അപെക്‌സ് കൗണ്‍സിലിലേക്കുള്ള ജനറല്‍ ബോഡി പ്രതിനിധിയായി കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി. മുഹമ്മദ് നൗഫല്‍ ചുമതലയേല്‍ക്കും.
കേരളത്തിലെ ക്രിക്കറ്റ് മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഒരു വര്‍ഷത്തെ സമഗ്ര വികസന കര്‍മ പദ്ധതിയും പ്രഖ്യാപിച്ചു.
കായിക മേഖലയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച കേരള സ്‌പോര്‍ട്‌സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്‌മെന്റ് സ്‌കീമിന്റെ അടിസ്ഥാനത്തിലും ഭൂനിയമത്തില്‍ അനുവദിച്ച പ്രത്യേക ഇളവുകളും പ്രയോജനപ്പെടുത്തി വിപുലമായ പദ്ധതികളാണ് കെസിഎ വിഭാവനം ചെയ്യുന്നത്.
14 ജില്ലകളിലും ക്രിക്കറ്റ് ഗ്രൗണ്ടുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും നിര്‍മിക്കും. ക്രിക്കറ്റ് ഗ്രൗണ്ടിനോട് അനുബന്ധിച്ച് മറ്റു കായിക ഇനങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യവും വികസിപ്പിക്കും. എല്ലാ ജില്ലകളിലും ഏകീകൃത നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങളും അത്യാധുനിക പ്ലെയര്‍ അമെനിറ്റീസും ഉറപ്പാക്കി ഗുണ നിലവാരമുള്ള സൗകര്യങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സ്‌പോര്‍ട്‌സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്‌മെന്റ് സ്‌കീം പ്രഖ്യാപിക്കുകയും ഭൂനിയമത്തില്‍ ഇളവ് അനുവദിക്കുകയും ചെയ്ത സര്‍ക്കാരിനെയും മുഖ്യമന്ത്രി, റവന്യൂ മന്ത്രി, കൃഷി മന്ത്രി, കായിക മന്ത്രി എന്നിവരെയും അസോസിയേഷന്‍ അഭിനന്ദിച്ചു.
സര്‍ക്കാര്‍ സ്‌കീം നിലവില്‍ വരുന്നതോടുകൂടി സര്‍ക്കാരുമായി ചേര്‍ന്ന് കൊച്ചിയില്‍ അന്താരാഷ്ട്ര സ്റ്റേഡിയം നിര്‍മിക്കുന്നതിനും തീരുമാനമായി. കൂടാതെ തിരുവനന്തപുരത്തെ സ്പോര്‍ട്സ് ഹബ് അന്താരാഷ്ട്ര സ്റ്റേഡിയം ദീര്‍ഘകാല പാട്ടത്തിന് എടുക്കും.
മൂന്നാര്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് സെന്റര്‍ ക്രിക്കറ്റിനും ഫുട്‌ബോളിനും മറ്റു കായിക ഇനങ്ങള്‍ക്കും വേണ്ടി സജ്ജീകരിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കാന്‍ സര്‍ക്കാരുമായി തുടര്‍ ചര്‍ച്ചകള്‍ നടത്താന്‍ ഭാരവാഹികളെ ചുമതലപ്പെടുത്തിയതായി പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായര്‍ പറഞ്ഞു.
വനിതാ ക്രിക്കറ്റ് മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ട് കേരള വനിതാ പ്രീമിയര്‍ ലീഗ് ഉടന്‍ ആരംഭിക്കും. വനിതാ താരങ്ങള്‍ക്ക് കൃത്യമായ മത്സരവേദികള്‍ ഒരുക്കുന്നതിലൂടെ സംസ്ഥാനത്ത് കരുത്തുറ്റ ഒരു വനിതാ ക്രിക്കറ്റ് നിരയെ വാര്‍ത്തെടുക്കാന്‍ സാധിക്കുമെന്ന് സെക്രട്ടറി വിനോദ് എസ്. കുമാര്‍ പറഞ്ഞു.
യുവപ്രതിഭകളെ കണ്ടെത്തുന്നതിനും അവര്‍ക്ക് ശാസ്ത്രീയമായ പരിശീലനം നല്‍കുന്നതിനുമായി പ്രത്യേക 'കെസിഎ ക്രിക്കറ്റ് അക്കാദമികള്‍ ഇടുക്കിയിലും തിരുവനന്തപുരത്തും പ്രവര്‍ത്തനമാരംഭിക്കും. നൂതനമായ കോച്ചിങ് രീതികളും പ്രൊഫഷണല്‍ മെന്ററിങും വഴി കുട്ടികളിലെ കായികക്ഷമതയും പ്രകടനവും മെച്ചപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം.
നിലവിലുള്ള ഹൈ പെര്‍ഫോമന്‍സ് സെന്ററിനെ കൂടുതല്‍ ശക്തിപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. അത്യാധുനിക പരിശീലന സൗകര്യങ്ങള്‍, സ്‌പോര്‍ട്‌സ് സയന്‍സ് ലാബുകള്‍, ഫിറ്റ്‌നസ് ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററുകള്‍, വിദഗ്ധരായ പരിശീലകരുടെ സേവനം എന്നിവ ഉറപ്പാക്കി താരങ്ങളെ ദേശീയ-അന്തര്‍ദേശീയ പ്രകടനം പുറത്തെടുക്കാന്‍ പ്രാപ്തരാക്കും. സുതാര്യമായ ഭരണവും അടിത്തട്ടിലുള്ള വികസനവും വഴി കേരളത്തെ ഇന്ത്യന്‍ ക്രിക്കറ്റിലെ മുന്‍നിര ശക്തിയായി മാറ്റാനാണ് പുതിയ നേതൃത്വത്തിന്റെ ശ്രമം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.