അക്രമികളില്‍ ഒരാള്‍ ഇരുപത്തിനാലുകാരനായ നവീദ് അക്രം.
സിഡ്‌നി: സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ ജൂത ഫെസ്റ്റിവലിനെത്തിയവര്‍ക്ക് നേരേ നിര്‍ദാക്ഷിണ്യം വെടിയുതിര്‍ക്കുന്ന അക്രമികളിലൊരാളെ നിരായുധനായെത്തി കീഴ്‌പ്പെടുത്തിയയാളുടെ ധീരതയെ സല്യൂട്ട് ചെയ്ത് ലോകം.
തുരുതുരാ വെടിയുതിര്‍ക്കുന്ന അക്രമിയെ ഇദേഹം കീഴ്‌പ്പെടുത്തുന്നതിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ നിമിഷ നേരംകൊണ്ട് വൈറലായി. കറുത്ത ഷര്‍ട്ടും വെള്ള പാന്റും ധരിച്ച ഭീകരരിലൊരാള്‍ ബീച്ചില്‍ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുമ്പോള്‍ സമീപത്തുള്ള കാറുകളുടെ മറവില്‍ നിന്ന് അക്രമിയുടെ പിന്നിലേക്ക് ഓടിയടുത്ത് അയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.
കയ്യില്‍ ഒരു ആയുധം പോലും ഇല്ലാതെയാണ് ഇദേഹം തോക്കുമായി നില്‍ക്കുന്നയാളുടെ അടുത്തേക്ക് ഓടിയടുത്തത്. ഞൊടിയിടയ്ക്കുള്ളില്‍ അക്രമിയെ ചുറ്റിപ്പിടിച്ച് കീഴ്‌പ്പെടുത്തി തോക്ക് പിടിച്ചു മാറ്റുകയായിരുന്നു. 'യഥാര്‍ഥ ഹീറോ' എന്നാണ് ഭീകരനെ കീഴ്‌പ്പെടുത്തിയയാളെ ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ക്രിസ്റ്റഫര്‍ മിന്‍സ് വിശേഷിപ്പിച്ചത്.
'സ്വന്തം ജീവന്‍ പോലും പരിഗണിക്കാതെയാണ് അദേഹം നിരവധിയാളുകളെ രക്ഷിച്ചത്. ആ ധീരത കാരണമാണ് എത്രയോ ആളുകള്‍ ഈ നിമിഷവും ജീവനോടെയിരിക്കുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും അവിശ്വസനീയമായ ദൃശ്യങ്ങളാണത്'- ക്രിസ്റ്റഫര്‍ മിന്‍സ് പറഞ്ഞു.
അതിനിടെ അക്രമികളില്‍ ഒരാളെ തിരിച്ചറിഞ്ഞു. നവീദ് അക്രം (24) എന്നാണ് ഇയാളുടെ പേര്. സിഡ്നിയിലെ ബോണിറിഗ്ഗിലുള്ള അക്രമിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തുന്നു. സംഭവത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സിഡ്നിയിലെ ബോണ്ടി ബീച്ചില്‍ പ്രാദേശിക സമയം വൈകുന്നേരം ആറരയ്ക്കുണ്ടായ വെടിവെപ്പില്‍ 12 പേര്‍ കൊല്ലപ്പെടുകയും രണ്ട് പൊലീസ് ഉദ്യോഗസ്ഥരടക്കം 29 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
യഹൂദരുടെ എട്ട് ദിവസത്തെ ആഘോഷമായ ഹനൂക്കോയുടെ ആദ്യ ദിവസമാണ് വെടിവയ്പ്പുണ്ടായത്. പൊലീസിന്റെ പ്രത്യാക്രമണത്തില്‍ അക്രമികളിലൊരാള്‍ കൊല്ലപ്പെടുകയും രണ്ടാമത്തെയാള്‍ക്ക് സാരമായ പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നടന്നത് ഭീകരാക്രമണമാണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.