കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവും അര ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. വിചാരണ തടവ് കുറച്ച് ശിക്ഷ അനുഭവിച്ചാൽ മതിയാകും.
പ്രതികളുടെ പ്രായം കൂടി പരിഗണിച്ചാണ് ശിക്ഷയെന്ന് കോടതി വ്യക്തമാക്കി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് വിധി പ്രസ്താവിച്ചത്. രാജ്യത്തെയാകെ പിടിച്ചുകുലുക്കിയ സെൻസേഷനായ കേസാണിതെന്നും കോടതി സെൻസെഷൻ എന്ന നിലയ്ക്കല്ല വിധി പറയുന്നതെന്നും ജഡ്ജി വിധി പ്രസ്താവത്തിന് മുൻപായി പറഞ്ഞു.
ഇത് സ്ത്രീയുടെ അന്തസിനെ ഹനിച്ച കേസായിരുന്നെന്നും അതിജീവിതയെ മാനസിക ആഘാതത്തിലേക്ക് തള്ളിയിട്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എല്ലാ പ്രതികൾക്കും പ്രായം 40 വയസിനു താഴെയാണെന്നും കോടതി നിരീക്ഷിച്ചു. പിഴ കൂടാതെ പ്രതികൾ ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം. പീഡന ദൃശ്യങ്ങൾ അടങ്ങിയ പെൻ ഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥൻ്റെ കൈവശമാണ്. ഇരയുടെ സുരക്ഷ മാനിച്ച് അത് സൂക്ഷിക്കണമെന്നും കോടതി നിർദേശിച്ചു.
ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാർ, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വിജീഷ് വിപി, അഞ്ചാം പ്രതി എച്ച് സലിം എന്ന വടിവാള്‍ സലിം, ആറാം പ്രതി പ്രദീപ് എന്നിവരാണ് കുറ്റക്കാര്‍. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത ഒന്നു മുതല്‍ ആറു വരെ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്നു രാവിലെ കേസ് പരിഗണിച്ച കോടതി ശിക്ഷയിന്മേല്‍ രണ്ടു മണിക്കൂര്‍ വാദം കേട്ടിരുന്നു.
കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, അന്യായമായി തടവിലാക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, സ്വകാര്യത ലംഘിച്ച് അപകീര്‍ത്തികരമായ ചിത്രമെടുക്കല്‍, ലൈംഗികചൂഷണ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍, തെളിവ് നശിപ്പിക്കാന്‍ ഗൂഢാലോചന, തൊണ്ടിമുതല്‍ ഒളിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.