കണ്ണൂര്‍: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോളിങ് പത്ത് ശതമാനം എത്തി. പാലക്കാടും മലപ്പുറത്തും കോഴിക്കോടും കണ്ണൂരുമാണ് മുന്നില്‍ ഉള്ളത്. രാവിലെ ഒമ്പത് വരെയുള്ള കണക്കുകള്‍ അനുസരിച്ച് 8.82 ശതമാനമാണ് പോളിങ്.
തൃശൂര്‍ 8.94 ശതമാനം, പാലക്കാട് 9.18 ശതമാനം, മലപ്പുറം 8.78 ശതമാനം, കോഴിക്കോട് 8.61 ശതമാനം, വയനാട് 9.91 ശതമാനം, കണ്ണൂര്‍ 8.4 ശതമാനം, കാസര്‍ക്കോട് 8.75 ശതമാനം എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിങ് ശതമാനം. വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ പലയിടത്തും വോട്ടിങ് മെഷീന്‍ തകരാറിലായതും വോട്ടെടുപ്പിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. പ്രശ്‌നം പരിഹരിച്ച് വോട്ടെടുപ്പ് തുടര്‍ന്നെങ്കിലും ചിലയിടങ്ങളില്‍ വോട്ടര്‍മാര്‍ ഏറെ നേരം കാത്ത് നില്‍ക്കേണ്ടി വന്നു.
നൂറിലേറെ ബൂത്തുകളില്‍ വോട്ടിങ് യന്ത്രങ്ങളിലെ തകരാര്‍ കാരണം വോട്ടിങ് തടസപ്പെട്ടു. പാലക്കാട് നെല്ലായ പട്ടിശേരി വാര്‍ഡില്‍ ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് മെഷീന്‍ തകരാറിലായിരുന്നു. അര മണിക്കൂര്‍ വോട്ടിങ് തടസപ്പെട്ടു. മെഷീന്‍ മാറ്റിയതിന് ശേഷമാണ് വോട്ടിങ് പുനസ്ഥാപിച്ചത്. പാലക്കാട് വാണിയംകുളം മനിശേരി വെസ്റ്റ് ആറാം വാര്‍ഡില്‍ 15 മിനിറ്റും വോട്ടെടുപ്പ് തടസപ്പെട്ടു. പിന്നീട് മെഷീന്‍ മാറ്റി സ്ഥാപിച്ചു.
കാസര്‍കോട് ദേലംപാടി പഞ്ചായത്തിലെ വാര്‍ഡ് 16, പള്ളംകോട് ജി.യു.പി.എസ് സ്‌കൂളിലെ ബൂത്ത് ഒന്നിലെ മെഷീനും മലപ്പുറം എ.ആര്‍ നഗര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ രണ്ടാം ബൂത്തിലും പോളിങ് മെഷിന്റെ തകരാര്‍ കാരണം വോട്ടെടുപ്പ് തുടങ്ങാന്‍ വൈകി. കൊടിയത്തൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് ബൂത്ത് രണ്ടിലും വോട്ടിങ് മെഷീന്‍ തകരാറിലായിരുന്നു.
തുടക്കത്തില്‍ വോട്ടിങ് നടന്നിരുന്നു പിന്നീട് തകരാറിലാകുകയായിരുന്നു. വടകര ചോറോട് പഞ്ചായത്ത് 23-ാം വാര്‍ഡ് ബൂത്ത് ഒന്നിലും കിഴക്കോത്ത് പഞ്ചായത്തിലെ ബൂത്ത് രണ്ടിലും മെഷീന്‍ തകരാറിലായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.