തദ്ദേശ തിരഞ്ഞെടുപ്പില്‍ 70 ശതമാനം കടന്ന് ആദ്യഘട്ട പോളിങ്; മുന്നില്‍ എറണാകുളം

തദ്ദേശ തിരഞ്ഞെടുപ്പില്‍ 70 ശതമാനം കടന്ന് ആദ്യഘട്ട പോളിങ്; മുന്നില്‍ എറണാകുളം

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ കനത്ത പോളിങ്. ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ പോളിങ് ശതമാനം 70 കടന്നു. അവസാന കണക്കുകള്‍ രാത്രിയോടെ മാത്രമേ പുറത്തു വരൂ.

ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം പോളിങ് രേഖപ്പെടുത്തിയത്. 73.16 ശതമാനം. കുറവ് തിരുവനന്തപുരത്താണ്. 65.74 ശതമാനം. അങ്ങിങ്ങ് നേരിയ സംഘര്‍ഷങ്ങള്‍ ഉണ്ടായത് ഒഴിച്ചു നിര്‍ത്തിയാല്‍ പോളിങ് പൊതുവെ സമാധാനപരമായിരുന്നു.

തിരുവനന്തപുരം വഞ്ചിയൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ കള്ള വോട്ട് ചെയ്തു എന്നാരോപിച്ച് ബിജെപിക്കാര്‍ പ്രതിഷേധിച്ചത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി.

ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഗവ. ഹൈസ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ പേര് തെളിയാത്തതിനെ തുടര്‍ന്ന് വോട്ടിങ് നിര്‍ത്തി വച്ചു. ബി.എസ്.പിയുടെ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി ഷൈലജയുടെ പേരാണ് തെളിയാതിരുന്നത്. റീപോളിങ് വേണമെന്ന് ബി.എസ്.പി ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് വോട്ട് ചെയ്യാനെത്തിയ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. തിരുവല്ലം വാര്‍ഡില്‍ പാച്ചല്ലൂര്‍ സ്‌കൂളില്‍ ബൂത്ത് നമ്പര്‍ ആറില്‍ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ശാന്ത (73) എന്ന വോട്ടറാണ് വരിയില്‍ നില്‍ക്കവേ കുഴഞ്ഞു വീണത്.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. മലയോര മേഖലയിലടക്കം കനത്ത പോളിങാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.

മൂന്ന് കോര്‍പ്പറേഷനുകള്‍, 39 മുന്‍സിപ്പാലിറ്റികള്‍, ഏഴ് ജില്ലാ പഞ്ചായത്തുകള്‍, 75 ബ്ലോക്ക് പഞ്ചായത്തുകള്‍, 471 ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കാണ് ഇന്ന് പോളിങ് രേഖപ്പെടുത്തിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.