സംസ്ഥാനത്ത് രണ്ടാം ഘട്ട വിധിയെഴുത്ത് തുടങ്ങി; ഏഴ് ജില്ലകള്‍ ഇന്ന് പോളിങ് ബൂത്തില്‍

സംസ്ഥാനത്ത് രണ്ടാം ഘട്ട വിധിയെഴുത്ത് തുടങ്ങി; ഏഴ് ജില്ലകള്‍ ഇന്ന് പോളിങ് ബൂത്തില്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ചു. വൈകുന്നേരം ആറിന് അവസാനിക്കും. പോളിങ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു.

തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് 470, ബ്ലോക്ക് പഞ്ചായത്ത് 77, ജില്ലാ പഞ്ചായത്ത് ഏഴ്, മുനിസിപ്പാലിറ്റി 47, കോര്‍പ്പറേഷന്‍ മൂന്ന്) 12391 വാര്‍ഡുകളിലേക്കാണ് (ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 9015, ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് 1177, ജില്ലാ പഞ്ചായത്ത് വാര്‍ഡ് 182, മുനിസിപ്പാലിറ്റി വാര്‍ഡ് 1829, കോര്‍പ്പറേഷന്‍ വാര്‍ഡ് 188) വോട്ടെടുപ്പ് നടക്കുന്നത്.

രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ ആകെ 18274 പോളിങ് സ്റ്റേഷനുകളാണുളളത്. ഇതില്‍ 2055 എണ്ണം പ്രശ്‌നബാധിത ബൂത്തുകളായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൃശൂര്‍ 81, പാലക്കാട് 180, മലപ്പുറം 295, കോഴിക്കോട് 166, വയനാട് 189, കണ്ണൂര്‍ 1025, കാസര്‍കോട് 19 എന്നിങ്ങനെയാണ് പ്രശ്‌ന ബാധിത ബൂത്തുകളുടെ ജില്ല തിരിച്ചുള്ള എണ്ണം. ഈ ബൂത്തുകളില്‍ അതീവ സുരക്ഷാ ക്രമീകരണങ്ങളും വെബ്കാസ്റ്റിങും ഒരുക്കിയിട്ടുണ്ട്. വോട്ടെടുപ്പ് പ്രക്രിയ പൂര്‍ണമായും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും.

കണ്ണൂരില്‍ ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ മൊറാഴ, കൊടല്ലൂര്‍, തളിയില്‍, പൊടികുണ്ഡ്, അന്‍ജംപീഡിക എന്നീ വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ അവിടങ്ങളില്‍ വോട്ടെടുപ്പില്ല. മലപ്പുറം ജില്ലയിലെ മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഹസീനയുടെ മരണത്തെ തുടര്‍ന്ന് ആ വാര്‍ഡിലെ വോട്ടെടുപ്പ് മാറ്റിവച്ചു.

കാസര്‍കോട് ജില്ലയിലെ മംഗല്‍പാടി, മടിക്കൈ ഗ്രാമപഞ്ചായത്തുകളില്‍ ഓരോ വാര്‍ഡുകളിലും കണ്ണൂര്‍ ജില്ലയിലെ കണ്ണാപുരം ഗ്രാമപഞ്ചായത്തില്‍ ആറ് വാര്‍ഡിലും മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലും സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ ആ വാര്‍ഡിലേക്ക് വോട്ടെടുപ്പ് ഉണ്ടാകില്ല. എന്നാല്‍ അതത് പോളിങ് ബൂത്തുകളില്‍ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള വോട്ടെടുപ്പ് നടക്കും.

ആകെ 15337176 വോട്ടര്‍മാരാണുള്ളത് (പുരുഷന്‍മാര്‍ 7246269, സ്ത്രീകള്‍ 8090746, ട്രാന്‍സ്‌ജെന്‍ഡര്‍ 161), 3293 പ്രവാസി വോട്ടര്‍മാരും പട്ടികയിലുണ്ട്. 38994 സ്ഥാനാര്‍ഥികളാണ് (18974 പുരുഷന്മാരും, 20020 സ്ത്രീകളും) മത്സരിക്കുന്നത്. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.