ക്യാന്‍സര്‍ ജീനുള്ള ബീജ ദാതാവ് ജന്മം നല്‍കിയത് 197 കുട്ടികള്‍ക്ക്; അന്വേഷണത്തില്‍ ഞെട്ടി ശാസ്ത്രലോകം

ക്യാന്‍സര്‍ ജീനുള്ള ബീജ ദാതാവ് ജന്മം നല്‍കിയത് 197 കുട്ടികള്‍ക്ക്; അന്വേഷണത്തില്‍ ഞെട്ടി ശാസ്ത്രലോകം

കോപ്പന്‍ ഹേഗന്‍: അപൂര്‍വ ക്യാന്‍സറിന് ഇടയാക്കുന്ന ജീന്‍ മ്യൂട്ടേഷനുള്ള വ്യക്തി യൂറോപ്പിലുടനീളം കുറഞ്ഞത് 197 കുഞ്ഞുങ്ങളുടെ ജന്മത്തിന് ബീജം ദാനം ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി.

പതിനാല് രാജ്യങ്ങളിലെ 67 ക്ലിനിക്കുകളിലേക്ക് ബീജം വിതരണം ചെയ്തിരുന്ന കോപ്പന്‍ ഹേഗന്‍ ആസ്ഥാനമായ യൂറോപ്യന്‍ ബീജ ബാങ്ക് (ഇഎസ്ബി) ആണ് ഇയാളുടെ ബീജം ദാനം ചെയ്തിരിക്കുന്നത്.

ബിബിസി ഉള്‍പ്പെടെ 14 മാധ്യമ സ്ഥാപനങ്ങള്‍ ഒരുമിച്ച് നടത്തിയ ഒരു അന്വേഷണ പരമ്പരയിലാണ് ഈ ഗുരുതരമായ സ്ഥിതി കണ്ടെത്തിയത്. എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ മ്യൂട്ടേഷന്‍ സാധാരണയായി നടത്തുന്ന പ്രാഥമിക പരിശോധനയില്‍ കണ്ടെത്താന്‍ സാധിച്ചില്ല.

വിശദമായ പരിശോധനയിലാണ് ജനിതക വ്യതിയാനം സംബന്ധിച്ചുള്ള കണ്ടെത്തല്‍. ഇയാളുടെ ബീജ ദാനത്തിലൂടെ ജനിച്ച പല കുട്ടികള്‍ക്കും ഇതിനകം ക്യാന്‍സര്‍ സ്ഥിരീകരിക്കുകയും ചില കുട്ടികള്‍ ചെറുപ്പത്തിലേ മരിക്കുകയും ചെയ്തിട്ടുണ്ട്.

വിദ്യാര്‍ഥിയായിരിക്കെ 2005 മുതലാണ് ഇയാള്‍ ബീജദാനം ആരംഭിച്ചത്. 2022 വരെയും ബീജദാനം നടത്തി വരികയായിരുന്നു. 17 വര്‍ഷത്തിനിടയില്‍ നിരവധി സ്ത്രീകളാണ് കുട്ടികളെ ഗര്‍ഭം ധരിക്കാന്‍ ഇയാളുടെ ബീജം ഉപയോഗിച്ചത്.

ബീജ ദാതാവ് ആരോഗ്യവാനും സ്റ്റാന്‍ഡേര്‍ഡ് ഡോണര്‍ സ്‌ക്രീനിങ് ടെസ്റ്റുകള്‍ വിജയിച്ചിട്ടുണ്ടെങ്കിലും ജനനത്തിനു മുമ്പ് അദേഹത്തിന്റെ ചില കോശങ്ങളില്‍ മ്യൂട്ടേഷന്‍ സംഭവിച്ചിരുന്നു. അസാധാരണമായ കോശ വളര്‍ച്ച നിയന്ത്രിക്കുന്നതിലൂടെ ക്യാന്‍സര്‍ വികസിക്കുന്നതില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ഒരു സുപ്രധാന ജീന്‍ ആയ ടിപി 53 ജീനിനെ ഈ മ്യൂട്ടേഷന്‍ ബാധിച്ചു.

ശരീരത്തിന്റെ ഭൂരിഭാഗവും മ്യൂട്ടേഷന്‍ ചെയ്യപ്പെട്ട ടിപി 53 ജീന്‍ വഹിക്കുന്നില്ലെങ്കിലും അയാളുടെ ബീജത്തിന്റെ 20 ശതമാനം വരെ മ്യൂട്ടേഷന്‍ വഹിക്കുന്നു. ഇത് ബാധിച്ച ബീജങ്ങളില്‍ ഒന്നില്‍ നിന്നാണ് കുഞ്ഞിന്റെ ജന്മമെങ്കില്‍ ആ കുട്ടിയുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലും മ്യൂട്ടേഷന്‍ ഉണ്ടാകും.

ഇത് ചില അര്‍ബുദങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കും. അന്വേഷണത്തിനൊടുവില്‍ യൂറോപ്യന്‍ ബീജ ബാങ്ക് 2023 നവംബറില്‍ ഈ ദാതാവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.