ബെയ്ജിങ്: ജോലി സ്ഥലത്തെ യന്ത്രത്തില്‍ കുടുങ്ങി അറ്റുപോയ യുവതിയുടെ ചെവി അപൂര്‍വ ശസ്ത്ര ക്രിയയിലൂടെ വീണ്ടും തുന്നിച്ചേര്‍ത്ത് ഡോക്ടര്‍മാര്‍. ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയില്‍ ജിനാന്‍ നഗരത്തിലുള്ള ആശുപത്രിയിലാണ് സംഭവം.
കഴിഞ്ഞ ഏപ്രിലില്‍ ഉണ്ടായ അപകടത്തില്‍ അറ്റുപോയ ചെവി ആദ്യം യുവതിയുടെ കാലില്‍ തുന്നിച്ചേര്‍ക്കുകയും മാസങ്ങള്‍ക്ക് ശേഷം യഥാസ്ഥാനത്ത് തിരികെ വെക്കുകയുമായിരുന്നുവെന്ന് സൗത്ത് ചൈനാ മോണ്ങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയ നടക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ജീവന് ഭീഷണിയായേക്കാവുന്ന പരിക്കുകളാണ് യുവതിക്ക് ഉണ്ടായിരുന്നതെന്ന് ആശുപത്രിയിലെ മൈക്രോ സര്‍ജറി വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ക്വി ഷെന്‍ക്വിയാങ് പറഞ്ഞു. ശിരോചര്‍മത്തിന്റെ വലിയൊരു ഭാഗവും മുഖത്തെയും കഴുത്തിലെയും ചര്‍മ ഭാഗങ്ങളും നഷ്ടമായിരുന്നു. ഇവയ്ക്കൊപ്പം ചെവി പൂര്‍ണമായി അറ്റുപോയെന്നും അദേഹം പറഞ്ഞു.

എഐ ചിത്രം
യുവതിയുടെ തലയില്‍ ചെവി വീണ്ടും തുന്നിച്ചേര്‍ക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും രക്തക്കുഴലുകള്‍ക്കും ടിഷ്യുകള്‍ക്കും വ്യാപകമായ കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഇത് സാധ്യമായില്ല. തുടര്‍ന്ന് തലയോട്ടിയിലെ മുറിവ് ഭേദമാകുന്നതുവരെ ചെവിയെ 'ജീവനോടെ' നിലനിര്‍ത്തുന്നതിനായി യുവതിയുടെ കാലിന്റെ മുകള്‍ഭാഗത്ത് ചെവി ഗ്രാഫ്റ്റ് ചെയ്യുകയായിരുന്നു. കാലിലെ ധമനികളും സിരകളും ചെവിയിലെ രക്തക്കുഴലുകളുമായി പൊരുത്തപ്പെടുന്നതുകൊണ്ടാണ് ഈ തീരുമാനമെടുത്തതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
10 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ചെവി കാലില്‍ ഗ്രാഫ്റ്റ് ചെയ്തത്. ചെവിയിലെ 0.2 മില്ലി മീറ്റര്‍ മുതല്‍ 0.3 മില്ലി മീറ്റര്‍ വരെ വ്യാസമുള്ള നേര്‍ത്ത രക്തക്കുഴലുകള്‍ ബന്ധിപ്പിക്കുന്നതായിരുന്നു ഇതിലെ ഏറ്റവും വെല്ലുവിളിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
അഞ്ച് ദിവസത്തിന് ശേഷം ചെവിയിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും തുടര്‍ന്ന് ചെവിയുടെ നിറം മാറുകയും ചെയ്തതോടെ പ്രതിസന്ധി ഉടലെടുത്തു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ കൃത്രിമമായി ചെവിയിലേക്ക് രക്തമെത്തിക്കുകയും തിരികെ എടുക്കുകയും ചെയ്താണ് ഇത് പരിഹരിച്ചത്. അഞ്ച് ദിവസത്തില്‍ 500 തവണയാണ് ഇങ്ങനെ ചെയ്തത്.
ഇതിനിടെ യുവതിയുടെ വയറ്റില്‍ നിന്നെടുത്ത ചര്‍മം തലയില്‍ ഗ്രാഫ്റ്റ് ചെയ്യുന്ന ശസ്ത്രക്രിയയും നടത്തി. അഞ്ച് മാസത്തിന് ശേഷം വീക്കം ഇല്ലാതാവുകയും മുറിവുകള്‍ ഉണങ്ങുകയും ചെയ്തതോടെ കാലില്‍ ഘടിപ്പിച്ചിരുന്ന ചെവി തലയില്‍ തന്നെ തിരികെ തുന്നിച്ചേര്‍ത്തു. ഒക്ടോബറില്‍ നടന്ന ഈ ശസ്ത്രക്രിയ ആറ് മണിക്കൂറിലേറെയാണ് നീണ്ടത്. പിന്നീട് അധികം വൈകാതെ യുവതി ആശുപത്രി വിട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.