ടെല്‍ അവീവ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമാധാന നിര്‍ദേശം ഗാസയില്‍ ഉടന്‍ നടപ്പിലാക്കുന്നതിന് ഇന്ത്യയുടെ പൂര്‍ണ പിന്തുണ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ന് മോഡിയെ വിളിച്ചപ്പോഴാണ് പിന്തുണ ആവര്‍ത്തിച്ചത്. ഉഭയകക്ഷി ബന്ധങ്ങളും മേഖലാ വികസനങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശിച്ച ഗാസ സമാധാന പദ്ധതി എത്രയും വേഗം നടപ്പിലാക്കുന്നത് ഉള്‍പ്പെടെ നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണ മോഡി ആവര്‍ത്തിച്ചു.
എല്ലാ തരത്തിലുമുള്ള ഭീകര പ്രവര്‍ത്തനങ്ങളെയും ഇരു നേതാക്കളും ശക്തമായി അപലപിക്കുകയും ഭീകരതയോടുള്ള തങ്ങളുടെ സീറോ ടോളറന്‍സ് നയം ആവര്‍ത്തിക്കുകയും ചെയ്തു.
പ്രാദേശിക സംഭവ വികാസങ്ങള്‍ നിരീക്ഷിക്കുകയും ഉഭയകക്ഷി സഹകരണം മുന്നോട്ട് കൊണ്ടു പോകുകയും ചെയ്യുന്നതിനിടയില്‍ പതിവായി ബന്ധം നിലനിര്‍ത്താന്‍ ഇരു നേതാക്കളും സമ്മതിച്ചു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ അന്തരീക്ഷത്തില്‍ ഇന്ത്യ-ഇസ്രയേല്‍ പങ്കാളിത്തത്തിന്റെ തന്ത്രപരമായ പ്രാധാന്യവും അവര്‍ ആവര്‍ത്തിച്ചു.
പ്രതിരോധം, സാങ്കേതികവിദ്യ, വ്യാപാരം, നവീകരണം എന്നീ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കൂടുതല്‍ വഴികള്‍ തേടുന്നതിനെ കുറിച്ചും നേതാക്കള്‍ ചര്‍ച്ച ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.