മലയാറ്റൂരിലെ പെണ്‍കുട്ടിയുടെ മരണം കൊലപാതകം; ആണ്‍ സുഹൃത്ത് അറസ്റ്റില്‍

മലയാറ്റൂരിലെ പെണ്‍കുട്ടിയുടെ മരണം കൊലപാതകം; ആണ്‍ സുഹൃത്ത് അറസ്റ്റില്‍

കൊച്ചി: മലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകള്‍ ചിത്രപ്രിയ (19)യെയാണ് വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ചിത്രപ്രിയയുടെ സുഹൃത്ത് അലനെ പൊലീസ് അറസ്റ്റ് ചെയ്തു.

ചോദ്യം ചെയ്യലില്‍ അലനില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മദ്യ ലഹരിയില്‍ ഇയാള്‍ തന്നെയാണ് കൃത്യം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. ഇന്ന് രാവിലെ പത്തിനാണ് ചിത്രപ്രിയയുടെ പോസ്റ്റ്മോര്‍ട്ടം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ മരണ കാരണം വ്യക്തമാകൂ. അതിനിടെ ഞായറാഴ്ച രാത്രി ഒരു മണിക്ക് ചിത്രപ്രിയ സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

ജീര്‍ണിച്ചു തുടങ്ങിയ മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ചിത്രപ്രിയയുടെ തലയ്ക്ക് പിന്നില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. അതുകൊണ്ട് തന്നെ ഇതൊരു കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ചിത്രപ്രിയയുടെ മൃതദേഹത്തിന് സമീപം വലിയ കല്ലും കണ്ടെടുത്തിരുന്നു. കല്ലില്‍ രക്തക്കറയും ഉണ്ട്.

ബംഗളൂരുവില്‍ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിയായ ചിത്രപ്രിയയെ ശനിയാഴ്ച മുതലാണ് കാണാതായത്. അടുത്തുള്ള കടയില്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി പിന്നീട് തിരിച്ചു വന്നില്ല. തുടര്‍ന്ന് വീട്ടുകാര്‍ കാലടി പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനിടെയാണ് പറമ്പില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്ന നാട്ടുകാരുടെ അറിയിപ്പിനെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുന്നതും മൃതദേഹം കണ്ടെത്തുന്നതും.

മലയാറ്റൂര്‍ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂര്‍ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.