ന്യൂഡല്‍ഹി: റഷ്യന്‍ നിര്‍മ്മിത ആണവ അന്തര്‍വാഹിനി പാട്ടത്തിനെടുക്കാനൊരുങ്ങി ഇന്ത്യ. 36 വര്‍ഷം പഴക്കമുള്ള അകുല ക്ലാസില്‍പ്പെട്ട കെ-391 ബ്രാറ്റ്‌സ്‌ക് അന്തര്‍വാഹിനിയാണ് ഇന്ത്യന്‍ നാവികസേന വാങ്ങുന്നത്. വലിയ രൂപമാറ്റം വരുത്തി 'ഐഎന്‍എസ് ചക്ര 3' എന്ന പേരില്‍ 2028 ഓടെ ഇത് കമ്മിഷന്‍ ചെയ്യാനാണ് നീക്കം.
300 കോടി ഡോളറിന്റെ 10 വര്‍ഷത്തെ പാട്ടക്കരാറില്‍ ഇന്ത്യയും റഷ്യയും 2019 ല്‍ തന്നെ ഒപ്പുവച്ചിരുന്നു. 2025 ല്‍ അന്തര്‍വാഹിനി ഇന്ത്യയ്ക്ക് കൈമാറാനാണ് നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും രൂപമാറ്റം വരുത്താനുള്ള പ്രക്രിയകളും ആഗോളതലത്തിലുള്ള ഉപരോധങ്ങളും കാര്യങ്ങള്‍ വൈകിപ്പിക്കുകയായിരുന്നു.
ഇന്ത്യന്‍ നാവികസേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കുക, ആണവ എന്‍ജിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനികള്‍ കൈകാര്യം ചെയ്യാന്‍ വൈദഗ്ധ്യം നല്‍കുക എന്നിവ ലക്ഷ്യമിട്ടുള്ളതാണ് കരാര്‍. വ്യവസ്ഥ അനുസരിച്ച് അന്തര്‍വാഹിനിയെ യുദ്ധമുഖത്ത് വിന്യസിക്കാനോ, ആക്രമണങ്ങളില്‍ ഉപയോഗിക്കാനോ, ആണവായുധങ്ങളെ പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന രഹസ്യ പട്രോളിങ്ങിന് ഉപയോഗിക്കാനോ പാടില്ല.
കൂടാതെ ദീര്‍ഘദൂര ആണവമിസൈലുകള്‍ അന്തര്‍വാഹിനിയില്‍ സജ്ജീകരിക്കാന്‍ പാടില്ലെന്നും നിഷ്‌കര്‍ഷിക്കുന്നുണ്ട്. പുനര്‍ രൂപകല്‍പന പൂര്‍ണമായും റഷ്യയില്‍ നടത്തണമെന്നും ഉണ്ട്. ഇന്ത്യയുടെ ആശയ വിനിമയോപാധികളും സെന്‍സറുകളുമെല്ലാം അതില്‍ സജ്ജീകരിക്കാനാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.