കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്‍ അതൃപ്തി വ്യക്തമാക്കി ഉമ തോമസ് എംഎല്‍എ. പി.ടി തോമസിന്റെ ആത്മാവിന് ഒരിക്കലും തൃപ്തിയുണ്ടാകില്ലെന്ന് ഉമ തോമസ് പറഞ്ഞു. ഉപാധികളോടെ അവള്‍ക്കൊപ്പം മാത്രമാണെന്നും അവര്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
എത്രയോ തവണ അതിജീവിത പങ്കുവെച്ച ആശങ്കകള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ഉമാ തോമസ് പ്രതികരിച്ചു.
'തെരുവില്‍ ആ പെണ്‍കുട്ടി അപമാനിതയായ വിവരമറിഞ്ഞ് രാത്രി ഈ വീട്ടില്‍ നിന്നാണ് പി.ടി ഇറങ്ങിപ്പോയത്. തയ്യാറാക്കപ്പെട്ട തിരക്കഥകളെ തകര്‍ത്ത് കോടതിക്ക് മുമ്പില്‍ മൊഴി കൊടുക്കാന്‍ പോയത്. അവള്‍ക്ക് നീതി തേടി ഗാന്ധി പ്രതിമക്ക് മുന്നില്‍ രാവും പകലും നിരാഹാരം കിടന്നത്.
പി.ടിയുടെ ആത്മാവ് ഇന്നീ വിധിയില്‍ തൃപ്തമാകുമോ? ഒരിക്കലുമില്ല. കോടതി നടപടികള്‍ തുടരുമ്പോള്‍, എത്രയോ തവണ ആ കുട്ടി പങ്കുവെച്ച ആശങ്കകള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഉപാധികളില്ലാതെ അവള്‍ക്കൊപ്പം മാത്രം'- ഉമാ തോമസ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഘട്ടത്തിലും സാക്ഷി വിസ്താരത്തിലും അതിജീവിതയ്ക്ക് ഏറ്റവും അനുകൂലമായി നിലപാടെടുത്തയാളായിരുന്നു അന്ന് തൃക്കാക്കര എംഎല്‍എ ആയിരുന്ന പി.ടി തോമസ്.
നടി ആക്രമിക്കപ്പെട്ട് മണിക്കൂറുകള്‍ക്കകം സംഭവങ്ങള്‍ അതിജീവിതയില്‍ നിന്ന് നേരിട്ട് മനസിലാക്കുകയും പൊലീസിന് പരാതി നല്‍കാനുള്ള പിന്തുണ നല്‍കുകയും ചെയ്തത് പി.ടി തോമസായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.