സുഡാനിൽ നഴ്സറി സ്കൂളിന് നേരെ ഡ്രോൺ ആക്രമണം ; 33 കുട്ടികൾ ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ടു

സുഡാനിൽ നഴ്സറി സ്കൂളിന് നേരെ ഡ്രോൺ ആക്രമണം ; 33 കുട്ടികൾ ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ടു

ഖാർത്തൂം : ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നഴ്സറി സ്കൂളിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ 33 കുട്ടികളടക്കം 50 പേർ കൊല്ലപ്പെട്ടു. കോര്‍ഡോഫാന്‍ കലോജിയിലുണ്ടായ ആക്രമണത്തിന് പിന്നിൽ വിമത സൈന്യമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സാണെന്ന് സുഡാൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.

മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 'സുഡാനിലെ സാധാരണക്കാര്‍ക്ക് നേരെ ഭീകരരായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് നടത്തുന്ന വംശഹത്യ അപലനീയം. പരിക്കേറ്റവരെ സഹായിക്കാന്‍ സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ അവരെയും ആക്രമിച്ചു’- എന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞയാഴ്ച സുഡാൻ സൈന്യം വിമതരെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിൽ ദക്ഷിണ കോർഡോഫാനിൽ 48 പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മാസമാണ് രക്തരൂഷിതമായ ഏറ്റുമുട്ടലിലൂടെ സര്‍ക്കാരിന്റെ അധീനതയില്‍നിന്ന് എല്‍-ഫാഷര്‍ നഗരം ആര്‍എസ്എഫ് പിടിച്ചെടുത്തത്. പിന്നാലെ കൂട്ടക്കൊലകളും അരങ്ങേറി. മൃതദേഹങ്ങൾ മറവ് ചെയ്യാൻ കൂട്ടക്കുഴിമാടങ്ങൾ ഒരുക്കുകയായിരുന്നു. ഗാസയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ യുദ്ധത്തില്‍ മരിച്ചവരേക്കാള്‍ കൂടുതല്‍ ആളുകള്‍ 10 ദിവസത്തിനുള്ളില്‍ ഇവിടെ മരിച്ചിട്ടുണ്ടാകാമെന്നാണ് വിദഗ്ധർ പറയുന്നത്.

2023 ഏപ്രിലിൽ മുമ്പ് സഖ്യകക്ഷികളായിരുന്ന ആർ‌എസ്‌എഫും സൈന്യവും തമ്മിൽ അധികാര പോരാട്ടം പൊട്ടിപ്പുറപ്പെട്ടതിനുശേഷം സുഡാൻ യുദ്ധത്താൽ തകർന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.