നൈജീരിയയില്‍ അക്രമി സംഘം തട്ടിക്കൊണ്ടു പോയ നൂറ് വിദ്യാര്‍ഥികളെ മോചിപ്പിച്ചു

നൈജീരിയയില്‍ അക്രമി സംഘം തട്ടിക്കൊണ്ടു പോയ നൂറ് വിദ്യാര്‍ഥികളെ മോചിപ്പിച്ചു

അബുജ: അക്രമി സംഘം തട്ടിക്കൊണ്ടു പോയ നൈജീരിയയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നൂറ് പേരെ മോചിപ്പിച്ചു. യു.എന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് മോചന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ മാസം വടക്കന്‍-മധ്യ നൈജര്‍ സംസ്ഥാനത്തെ സെന്റ് മേരീസ് ബോര്‍ഡിങ് സ്‌കൂളില്‍ നിന്നാണ് 315 വിദ്യാര്‍ഥികളെയും ജീവനക്കാരെയും തട്ടിക്കൊണ്ടു പോയത്. മോചിപ്പിച്ച കുട്ടികളെ ഉടന്‍ നൈജര്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്ന് യുഎന്‍ വൃത്തങ്ങള്‍ അറിയിച്ചു.

തട്ടിക്കൊണ്ടു പോയതിന് പിന്നാലെ 50 പേര്‍ രക്ഷപ്പെട്ടിരുന്നു, ശേഷിച്ച 265 പേരെയാണ് മോചിപ്പിക്കാനുണ്ടായിരുന്നത്. നിലവില്‍ നൂറ് കുട്ടികളെ മോചിപ്പിച്ചെങ്കിലും അവശേഷിക്കുന്ന 165 വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പണം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങള്‍ നൈജീരിയയില്‍ ഇപ്പോള്‍ വളരെ കൂടുതലാണ്.

2014 ല്‍ ബോക്കോ ഹറാം തീവ്രവാദികള്‍ ചിബോക്കില്‍ നിന്ന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയതിന് സമാനമായ സംഭവങ്ങളാണ് ഇപ്പോള്‍ നൈജീരിയയില്‍ നടക്കുന്നത്. രാജ്യത്ത് സുരക്ഷാ പ്രശ്‌നങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. വടക്ക് കിഴക്കന്‍ മേഖലകളില്‍ ഭീകരവാദികളും വടക്ക് പടിഞ്ഞാറ് ഭാഗങ്ങളില്‍ ആയുധധാരികളായ സംഘങ്ങളും രാജ്യത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.