വാഷിങ്ടണ്‍: ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അരിക്ക് പുതിയ തീരുവ എര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഇന്ത്യയില്‍ നിന്നുള്ള അരിക്ക് സബ്‌സിഡി നല്‍കി യുഎസ് വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് തള്ളുകയും തങ്ങളുടെ ആഭ്യന്തര വിലകളെ ഇത് തകര്‍ക്കുകയാണെന്നും അമേരിക്കയിലെ കര്‍ഷകര്‍ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി.
അമേരിക്കന്‍ കര്‍ഷകര്‍ക്ക് 12 ബില്യണ്‍ ഡോളറിന്റെ സഹായ പാക്കേജ് പ്രഖ്യാപിക്കുന്ന ചര്‍ച്ചയിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. കാനഡയില്‍ നിന്നുള്ള വളം അടക്കമുള്ള കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കും പുതിയ തീരുവ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സബ്‌സിഡി നല്‍കിയുള്ള അരികളുടെ ഇറക്കുമതി യുഎസ് വിപണികളെ തകര്‍ക്കുകയും ആഭ്യന്തര വിലകള്‍ കുറയ്ക്കുകയും ചെയ്യുന്നതായി യോഗത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ ട്രംപിനോട് പരാതിപ്പെട്ടു. ഇത് 'ചതിയാണ്' എന്ന് ട്രംപ് കര്‍ഷകരോട് പ്രതികരിക്കുകയും തീരുവകള്‍ ഏര്‍പ്പെടുത്താനുള്ള സാധ്യതകളെക്കുറിച്ച് സൂചിപ്പിക്കുകയും ചെയ്തു.
ഇന്ത്യ, തായ്ലന്‍ഡ്, ചൈന എന്നീ രാജ്യങ്ങളാണ് പ്രധാനമായും കുറഞ്ഞ വിലയ്ക്ക് അരി വിപണിയില്‍ എത്തിക്കുന്നതെന്ന് ലൂസിയാന ആസ്ഥാനമായുള്ള കെന്നഡി റൈസ് മില്ലിന്റെ സിഇഒ മെറില്‍ കെന്നഡി ട്രംപിനെ അറിയിച്ചു. ഇതുമൂലം തെക്കന്‍ പ്രദേശങ്ങളിലെ കര്‍ഷകര്‍ പ്രതിസന്ധി നേരിടുകയാണെന്നും അദേഹം പറഞ്ഞു.
വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഉഭയകക്ഷി വ്യാപാര കരാര്‍ (ബിടിഎ) ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ വ്യാപാര പ്രതിനിധി കാര്യാലയത്തിലെ മുതിര്‍ന്ന പ്രതിനിധി സംഘം ഈ ആഴ്ച ഇന്ത്യയിലെത്തും. ഡെപ്യൂട്ടി യുഎസ്ടിആര്‍ റിക്ക് സ്വിറ്റ്‌സര്‍ നയിക്കുന്ന സംഘം ഇന്ത്യന്‍ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തും. ഇന്ത്യയുടെ ചീഫ് നെഗോഷിയേറ്ററും വാണിജ്യ സെക്രട്ടറിയുമായ രാജേഷ് അഗര്‍വാളാണ് ഇന്ത്യന്‍ പക്ഷത്തെ നയിക്കുക.
ഈ വര്‍ഷാവസാനത്തോടെ ബിടിഎയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ താന്‍ വളരെയധികം ആത്മവിശ്വാസത്തിലാണെന്ന് അഗര്‍വാള്‍ നവംബര്‍ 28 ന് ഫിക്കി വാര്‍ഷിക പൊതുയോഗത്തില്‍ പറഞ്ഞിരുന്നു. ഓഗസ്റ്റില്‍ 50 ശതമാനം തീരുവയാണ് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് മേല്‍ ട്രംപ് ചുമത്തിയിരുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നേരത്തെയും വിള്ളലുകള്‍ വീണിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.