ന്യൂഡല്‍ഹി: കേരളത്തിലെ ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരെ സുപ്രീം കോടതി നേരിട്ട് നിയമിക്കും. ഗവര്‍ണര്‍-മുഖ്യമന്ത്രി തര്‍ക്കത്തെ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍. ഇരു സര്‍വകലാശാലകളിലേക്കും നിയമിക്കാനായി ഓരോ പേരുകള്‍ അടങ്ങിയ ശുപാര്‍ശ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് സുധാംശു ധൂലിയ കമ്മറ്റിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി.
മുദ്രവച്ച കവറില്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കേസ് അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
വൈസ് ചാന്‍സലര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണറും മന്ത്രിമാരും വീണ്ടും ചര്‍ച്ച നടത്തിയെങ്കിലും സമവായത്തിലെത്താനായില്ലെന്ന് കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് നിയമനം നടത്താന്‍ ജസ്റ്റിസ് ജെ.ബി പര്‍ദിവാല, ജസ്റ്റിസ് കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് തീരുമാനിച്ചത്. കോടതി പരമാവധി ശ്രമിച്ചിട്ടും പ്രതിസന്ധി തുടരുകയാണ്. വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ഇതുവരെയും സമവായത്തിലെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് ധൂലിയയുടെ നേതൃത്വത്തില്‍ കോടതി രൂപീകരിച്ച കമ്മിറ്റിയാണ് മുഴുവന്‍ നടപടിക്രമങ്ങളും ഏറ്റെടുത്തത്. ചാന്‍സലറും മുഖ്യമന്ത്രിയും തമ്മില്‍ ചില കാര്യങ്ങളില്‍ സമവായത്തിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇരുവരും തമ്മിലുള്ള ചില കത്തുകളുടെ കൈമാറ്റം ഒഴികെ ഇതുവരെ ഒന്നും നടന്നിട്ടില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. സാങ്കേതിക സര്‍വകലാശാല വിസിയായി ഗവര്‍ണര്‍ നിര്‍ദേശിച്ച ഡോ. സിസ തോമസിന്റെ പേരില്‍ ഉടലെടുത്ത തര്‍ക്കമാണ് ചര്‍ച്ച വഴിമുട്ടാന്‍ കാരണം. സിസ തോമസിനെ അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി നിലപാട് സ്വീകരിക്കുകയായിരുന്നു.
രണ്ട് സര്‍വകലാശാലകളിലേക്കും ഒരു വനിതയെ പരിഗണിക്കാമെന്ന് കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നതെന്ന് ജസ്റ്റിസ് പര്‍ദിവാല പറഞ്ഞു. ആ വനിതയുമായി സര്‍ക്കാരിന് എന്തെങ്കിലും പ്രശ്നമുണ്ടോയെന്നും കോടതി ചോദിച്ചു. അവര്‍ നിരവധി സര്‍ക്കാര്‍ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ടെന്ന് ഗവര്‍ണര്‍ക്ക് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി ചൂണ്ടിക്കാട്ടി. എന്നാല്‍ ആ ആളെ ഒഴികെ ആരെ വേണമെങ്കിലും തിരഞ്ഞെടുക്കാമെന്നാണ് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത പറഞ്ഞത്.
എന്നാല്‍ ഗവര്‍ണര്‍ ആ വനിതയെ പിന്തുണയ്ക്കുകയാണ്. അവര്‍ മുമ്പ് വൈസ് ചാന്‍സലറായിരുന്നു. അപ്പോള്‍ സര്‍വകലാശാല പ്രവര്‍ത്തനം ആകെ അവതാളത്തിലായിരുന്നുവെന്നും ജയ്ദീപ് ഗുപ്ത പറഞ്ഞു. അവരെ കമ്മിറ്റിയാണ് തിരഞ്ഞെടുത്തതെന്ന് ജസ്റ്റിസ് പര്‍ദിവാല ചൂണ്ടിക്കാട്ടിയപ്പോള്‍, കമ്മിറ്റി ആരെയും തിരഞ്ഞെടുത്തിട്ടില്ലെന്നും ശുപാര്‍ശ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാനാണ് ഓഗസ്റ്റ് 18 ലെ സുപ്രീംകോടതി ഉത്തരവ് വ്യക്തമാക്കിയിട്ടുള്ളതെന്നും ജയ്ദീപ് ഗുപ്ത ചൂണ്ടിക്കാട്ടി.
സെര്‍ച്ച് കമ്മിറ്റി നല്‍കിയ വിസി നിയമന പാനലില്‍ നിന്നും ഡിജിറ്റലിലേക്ക് ഡോ. സജി ഗോപിനാഥിനെയും സാങ്കേതിക സര്‍വകലാശാലയിലേക്ക് സി. സതീഷ് കുമാറിനെയുമാണ് മുഖ്യമന്ത്രി ഒന്നാം പേരുകാരായി നിയമിച്ചത്. എന്നാല്‍ ഗവര്‍ണര്‍ ഡോ. പ്രിയ ചന്ദ്രന്‍, ഡോ. സിസ തോമസ് എന്നിവരുടെ പേരുകളാണ് ശുപാര്‍ശ ചെയ്തത്. ഡിജിറ്റല്‍ സര്‍വകലാശാലയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് തനിക്ക് ലഭിച്ച റിപ്പോര്‍ട്ടില്‍, വിസി പദവിയിലേക്ക് മുഖ്യമന്ത്രി നിര്‍ദേശിച്ച ഡോ. സജി ഗോപിനാഥിനെതിരെ ആരോപണം ഉണ്ടെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.