സിഡ്നിയിലെ തോക്കുധാരിയെ കീഴ്പ്പെടുത്തിയ ആളെ തിരിച്ചറിഞ്ഞു; അഹമ്മദ് അൽ അഹമ്മദിന് അഭിനന്ദന പ്രവാഹം

സിഡ്നിയിലെ തോക്കുധാരിയെ കീഴ്പ്പെടുത്തിയ ആളെ തിരിച്ചറിഞ്ഞു; അഹമ്മദ് അൽ അഹമ്മദിന് അഭിനന്ദന പ്രവാഹം

സിഡ്നി: ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനൂക്കോ ആഘോഷത്തിനിടെ 16 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിൽ തോക്കുധാരികളിലൊരാളെ ധീരമായി കീഴ്‌പ്പെടുത്തി നിരായുധനാക്കിയ സാധാരണക്കാരനെ തിരിച്ചറിഞ്ഞു. 43 വയസുള്ള രണ്ട് കുട്ടികളുടെ പിതാവായ അഹമ്മദ് അൽ അഹമ്മദ് ആണ് ലോകമെമ്പാടും നിന്ന് അഭിനന്ദനം ഏറ്റുവാങ്ങുന്നത്.

ആൾക്കൂട്ടത്തിന് നേരെ വെടിയുതിർക്കുന്നതിനിടെ ഒരു തോക്കുധാരിയെ അഹമ്മദ് പിന്നിൽ നിന്ന് പിടികൂടുകയും അയാളിൽ നിന്ന് തോക്ക് പിടിച്ചു വാങ്ങി തോക്കുധാരിക്ക് നേരെ തന്നെ ചൂണ്ടുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

വെടിവെപ്പ് തടയുന്നതിനിടെ അഹമ്മദിൻ്റെ കൈക്കും കൈത്തണ്ടക്കും വെടിയേറ്റതായി ബന്ധു മുസ്തഫ സ്ഥിരീകരിച്ചു. പരിക്കേറ്റ അഹമ്മദ് ഇപ്പോൾ ആശുപത്രിയിലാണ്. അദേഹം വലിയ ഹീറോയാണ്, സുഖമായി തിരികെ വരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നെന്ന് മുസ്തഫ കൂട്ടിച്ചേർത്തു.

സിഡ്‌നിയിലെ സതർലാൻഡ് ഷൈറിൽ നിന്നുള്ള അഹമ്മദ് അൽ അഹമ്മദ് പഴവർഗങ്ങളുടെ ബിസിനസ് നടത്തുകയാണ്. ആക്രമണം നടക്കുമ്പോൾ അദേഹം ബീച്ച് സന്ദർശിക്കാനെത്തിയതായിരുന്നു.

അഹമ്മദിന്റെ ധീരമായ നടപടിയെ ലോകമെമ്പാടുമുള്ള നേതാക്കൾ പ്രശംസിച്ചു. വൈറ്റ് ഹൗസിലെ ക്രിസ്മസ് വിരുന്നിൽ സംസാരിച്ച ട്രംപ് അഹമ്മദിനെ 'വളരെ ധീരനായ വ്യക്തി' എന്ന് വിശേഷിപ്പിച്ചു. അദേഹം നിരവധി ജീവൻ രക്ഷിച്ചു എന്നും ബോണ്ടി ബീച്ച് ആക്രമണം അപലപനീയമാണെന്നും ട്രംപ് പറഞ്ഞു.

മറ്റുള്ളവരെ സഹായിക്കാൻ അപകടത്തിലേക്ക് ഓടിച്ചെന്ന ധീരതയെ പ്രശംസിച്ചുകൊണ്ട് ഈ ഓസ്‌ട്രേലിയക്കാർ ഹീറോകളാണ്, അവരുടെ ധീരത ജീവൻ രക്ഷിച്ചെന്ന് അദേഹം പറഞ്ഞു.

അഹമ്മദിൻ്റെ നടപടി താൻ കണ്ടതിൽ വെച്ച് ഏറ്റവും അവിശ്വസനീയമായ രംഗം എന്നാണ് ക്രിസ് മിൻസ് വിശേഷിപ്പിച്ചത്. സ്വന്തം ജീവൻ പണയം വെച്ച് എണ്ണിയാലൊടുങ്ങാത്ത ആളുകളുടെ ജീവൻ രക്ഷിച്ച ആ മനുഷ്യൻ ഒരു യഥാർത്ഥ ഹീറോയാണെന്ന് അദേഹം കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.