സിഡ്നി: സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ യഹൂദരുടെ ഹനൂക്കോ ആഘോഷത്തിനിടെ ഞായറാഴ്ച വൈകുന്നേരമുണ്ടായ വെടിവെപ്പ് ഭീകരാക്രമണമെന്ന് പ്രഖ്യാപിച്ചു. ആക്രമണം നടത്തിയ ഭീകരവാദികളില്‍ ഒരാളായ നവീദ് അക്രം(24) പാകിസ്ഥാന്‍കാരനാണെന്ന് തിരിച്ചറിഞ്ഞു.
പന്ത്രണ്ട് പേര്‍ കൊല്ലപ്പെടുകയും രണ്ട് പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ 29 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഭീകരാക്രമണത്തില്‍ രണ്ട് ഭീകരവാദികളാണ് നിരപരാധികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.
പാകിസ്ഥാനിലെ ലാഹോര്‍ സ്വദേശിയായ നവീദ് അക്രം സിഡ്‌നിയിലെ അല്‍-മുറാദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിയാണെന്നും ഇയാള്‍ ഓസ്‌ട്രേലിയയിലെയും പാകിസ്ഥാനിലെയും സര്‍വകലാശാലകളില്‍ മുമ്പ് പഠിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി സിഡ്‌നിയിലെ ബോണിറിഗ്ഗ് സബര്‍ബിലുള്ള അക്രമിന്റെ വസതിയില്‍ പൊലീസ് റെയ്ഡ് നടത്തി. ഇവിടെ നിന്ന് രേഖകളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്. അക്രമത്തിന് പ്രേരിപ്പിച്ച ഘടകം എന്താണെന്നും ആരാണെന്നും കണ്ടെത്തുന്നതിന് വേണ്ടിയാണ് റെയ്ഡ് നടത്തിയത്. ഇയാള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി ധരിച്ചു നില്‍ക്കുന്നതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സിഡ്‌നിയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പിനെ തുടര്‍ന്ന് ബീച്ചില്‍ നിന്ന് ഓടി രക്ഷപ്പെടുന്നവര്‍.
യഹൂദരുടെ ഉത്സവമായ ഹനൂക്കോയുമായി ബന്ധപ്പെട്ട് നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത ആഘോഷത്തിനിടെയാണ് പ്രാദേശിക സമയം വൈകുന്നേരം 6:30ന് നവീദ് അക്രമും മറ്റൊരു ഭീകരനും ചേര്‍ന്ന് നിരപരാധികള്‍ക്ക് നേരെ നിറയൊഴിച്ചത്. തുടര്‍ച്ചയായ വെടിവെപ്പില്‍ പരിഭ്രാന്തരായ ആളുകള്‍ നിലവിളിക്കുകയും ഒളിക്കാന്‍ പരക്കം പായുകയും ചെയ്യുന്നത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ കാണാം.
രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പലര്‍ക്കും വെടിയേറ്റത്. ആക്രമണത്തില്‍ പങ്കെടുത്ത ഒരാള്‍ സംഭവസ്ഥലത്ത് വെടിയേറ്റ് കൊല്ലപ്പെട്ടു. മറ്റൊരാളെ പൊലീസിന്റെ വെടിയേറ്റ് പരിക്ക് പറ്റിയ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇതില്‍ നവീദ് അക്രം ആണോ കൊല്ലപ്പെട്ടതെന്ന വിവരം പുറത്തു വിട്ടിട്ടില്ല. അക്രമികളുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ല. ബീച്ചിനടുത്ത് പാര്‍ക്ക് ചെയ്തിരുന്ന അക്രമികളുടെ കാറില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്.
പൊലീസ് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ അന്വേ,ണം ഊര്‍ജിതമായി പുരോഗമിക്കുകയാണ്. അക്രമികളുടെ പശ്ചാത്തലവും കൂടുതല്‍ പേര്‍ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നുമാണ് പരിശോധിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.