'കോടതി വിധിയില്‍ അത്ഭുതമില്ല; നിയമത്തിന്റെ മുന്‍പില്‍ എല്ലാവരും തുല്യരല്ല': ആദ്യമായി പ്രതികരിച്ച് അതിജീവിത

'കോടതി വിധിയില്‍ അത്ഭുതമില്ല; നിയമത്തിന്റെ മുന്‍പില്‍ എല്ലാവരും തുല്യരല്ല': ആദ്യമായി പ്രതികരിച്ച് അതിജീവിത

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി വിധി വന്നതിനു ശേഷം ആദ്യമായി പ്രതികരിച്ച് അതിജീവിത. നിയമത്തിന്റെ മുന്‍പില്‍ ഈ രാജ്യത്തിലെ എല്ലാ പൗരന്മാരും തുല്യരല്ലെന്ന തിരിച്ചറിവ് നല്‍കിയതിന് നന്ദിയെന്നാണ് അതിജീവിത സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ പ്രതികരിച്ചിരിക്കുന്നത്. ട്രയല്‍ കോടതിയില്‍ തന്റെ വിശ്വാസം നഷ്ടപ്പെടാന്‍ കാരണമായ കാര്യങ്ങള്‍ എണ്ണിയെണ്ണി പറയുന്നതാണ് അതിജീവിതയുടെ പോസ്റ്റ്.

'എട്ട് വര്‍ഷം, ഒമ്പത് മാസം, 23 ദിവസങ്ങള്‍. ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക ഞാന്‍ കാണുന്നു. പ്രതികളില്‍ ആറ് പേര്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവര്‍ക്കായി ഞാന്‍ ഈ വിധിയെ സമര്‍പ്പിക്കുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ ആശ്വാസം കിട്ടുന്നുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു'- അതിജീവിത പറയുന്നു.

ആറ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടതില്‍ തനിക്ക് സന്തോഷമുണ്ട്. കോടതി വിധി പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ടാകാം. എന്നാല്‍ തനിക്ക് അത്ഭുതമില്ല. കര്യങ്ങള്‍ ശരിയായ ദിശയിലല്ല നീങ്ങുന്നതെന്ന് 2020 ല്‍ തന്നെ ബോധ്യമായിരുന്നുവെന്നും അവര്‍ കുറിച്ചു.

കുറ്റാരോപിതരില്‍ ഒരാളിലേക്ക് അടുക്കുമ്പോള്‍ മാത്രം കേസ് അതുവരെ കൈകാര്യം ചെയ്തുവന്ന രീതിയില്‍ നിന്ന് മാറ്റം വന്നിരുന്നു. അക്കാര്യം പ്രോസിക്യൂഷനും മനസിലായിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി പല തവണ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. കേസ് മാറ്റണമെന്ന തന്റെ എല്ലാ ഹര്‍ജികളും നിഷേധിക്കപ്പെട്ടു.

നിയമത്തിന്റെ മുന്നില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ലെന്ന്, നിരന്തരമായി അനുഭവിച്ച വേദനകള്‍ക്കും കണ്ണീരിനും കടുത്ത മാനസിക സംഘര്‍ഷത്തിനുമൊടുവില്‍ ഞാനിപ്പോള്‍ തിരിച്ചറിയുന്നു. ആ തിരിച്ചറിവ് നല്‍കിയതിന് നന്ദി.

ഈ യാത്രയിലുടനീളം കൂടെ നിന്ന മനുഷ്യത്വമുള്ള സകലരെയും നന്ദിയോടെ ചേര്‍ത്തു പിടിക്കുന്നു. അതുപോലെ അധിക്ഷേപകരമായ കമന്റുകളും പണം വാങ്ങിക്കൊണ്ടുള്ള നുണക്കഥകളും ഉപയോഗിച്ച് എന്നെ ആക്രമിക്കുന്നവര്‍ അത് തുടരുക. നിങ്ങള്‍ പണം വാങ്ങിയിരിക്കുന്നത് അതിനാണെല്ലോ.

കേസില്‍ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി തന്റെ പേഴ്സണല്‍ ഡ്രൈവര്‍ ആയിരുന്നുവെന്നാണ് ചിലര്‍ ഇപ്പോഴും പറയുന്നത്. പൂര്‍ണമായും അടിസ്ഥാന രഹിതമായ കാര്യമാണത്. അയാള്‍ എന്റെ ഡ്രൈവറല്ല. എന്റെ ജീവനക്കാരനോ ഏതെങ്കിലും തരത്തില്‍ പരിചയമുള്ള ആളോ അല്ല.

2016 ല്‍ ജോലി ചെയ്ത ഒരു സിനിമയ്ക്കു വേണ്ടി പ്രൊഡക്ഷനില്‍ നിന്ന് നിയോഗിച്ച ഒരാള്‍ മാത്രമാണയാള്‍. കുറ്റംകൃത്യം നടക്കുന്നതിന് മുമ്പ് ഒന്നോ രണ്ടോ തവണ മാത്രമാണ് അയാളെ കണ്ടിട്ടുള്ളത്. അതിനാല്‍ അത്തരം കഥകള്‍ മെനയുന്നവര്‍ അത് അവസാനിപ്പിക്കണമെന്ന് അതിജീവിത അഭ്യര്‍ഥിച്ചിട്ടുണ്ട്.

തന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ല എന്നതടക്കമുള്ള പരാമര്‍ശങ്ങളാണ് പോസ്റ്റിലുള്ളത്. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് മൂന്ന് തവണ തുറന്ന് പരിശോധിക്കപ്പെട്ട കാര്യവും കേസിലെ രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ച കാര്യവുമടക്കം അവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നീതി പ്രതീക്ഷിക്കേണ്ടതില്ലെന്ന് രാജിവെച്ച പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ സ്വകാര്യമായി പറഞ്ഞുവെന്ന് നടി വ്യക്തമാക്കുന്നു.

മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശരിയായ അന്വേഷണം നടത്താന്‍ പല തവണ ആവശ്യപ്പെട്ടു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശിക്കുന്നതു വരെ അന്വേഷണ റിപ്പോര്‍ട്ട് തനിക്ക് കൈമാറിയില്ല.

ആശങ്ക ഉന്നയിച്ചും ഇടപെടല്‍ ആവശ്യപ്പെട്ടും രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും വരെ കത്തെഴുതി. അതിനുശേഷം കേസില്‍ പരസ്യ വിചാരണ ആവശ്യപ്പെട്ടു. എന്താണ് സംഭവിക്കുന്നതെന്ന് മാധ്യമങ്ങള്‍ക്കും പൊതുസമൂഹത്തിനും അറിയാന്‍ കഴിയുമല്ലോ എന്നാണ് കരുതിയത്. എന്നാല്‍ ആ ആവശ്യവും നിഷേധിക്കപ്പെട്ടുവെന്ന് അവര്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.