സിഡ്നി : സിഡ്‌നിയിലെ ബോണ്ടി കടൽ തീരത്ത് ജൂതരുടെ ഹനൂക്കോ ആഘോഷത്തിനിടെയുണ്ടായ വെടിവെപ്പിൽ മരണം പതിനാറായി. വെടിവെപ്പിന് പിന്നിൽ അച്ഛനും മകനുമാണെന്ന് റിപ്പോർട്ട്.
തോക്കുധാരികളായ 50 കാരനായ അച്ഛനും 24 കാരനായ മകൻ നവീദ് അക്രമുമാണ് ആക്രമണം നടത്തിയതെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. മറ്റാരും ഉൾപ്പെട്ടിട്ടില്ലെന്നാണ് ഇതുവരെയുള്ള നിഗമനം. ആക്രമണത്തിൽ 16 പേർ കൊല്ലപ്പെടുകയും 40 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
സംഭവം തീവ്രവാദ ആക്രമണമാണെന്ന് പൊലീസ് പറഞ്ഞു. അക്രമികളെക്കുറിച്ചും ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ചുമുള്ള പ്രധാന വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് കമ്മീഷണർ മാൽ ലാൻയോൺ പറഞ്ഞു.
സംഭവ സ്ഥലത്തിന് സമീപം രണ്ട് സജീവമായ ഇംപ്രൊവൈസ്ഡ് സ്ഫോടക വസ്തുക്കൾ പൊലീസ് കണ്ടെത്തി. 50 വയസുള്ള ആൾ പൊലീസിന്റെ വെടിയേറ്റ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അതേസമയം മകനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പടിഞ്ഞാറൻ സിഡ്‌നി പ്രാന്തപ്രദേശങ്ങളായ ബോണിറിഗിലെയും ക്യാമ്പ്‌സിയിലെയും ഇവരുടെ താമസ സ്ഥലത്ത് പോലിസ് റെയ്ഡ് നടത്തി.
മരിച്ച 50 വയസുകാരൻ ലൈസൻസുള്ള തോക്ക് ഉടമയാണെന്നും അദേഹത്തിന്റെ പേരിൽ ആറ് തോക്കുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലിസ് സ്ഥിരീകരിച്ചു. ബോണ്ടി ബീച്ചിലെ ആക്രമണത്തിന് ആറ് തോക്കുകളും ഉപയോഗിച്ചിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. സംഭവത്തിൽ പൊലീസ് സമഗ്രമായ അന്വേഷണം നടത്തുമെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലിസ് കമ്മീഷണർ ലാൻയോൺ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.