'അങ്ങനെ പറയേണ്ടിയിരുന്നില്ല'; ക്ഷേമ പെന്‍ഷനുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം തിരുത്തി എം.എം മണി

'അങ്ങനെ പറയേണ്ടിയിരുന്നില്ല'; ക്ഷേമ പെന്‍ഷനുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം തിരുത്തി എം.എം മണി

തൊടുപുഴ: ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ വിവാദ പരാമര്‍ശം തിരുത്തി സിപിഎം നേതാവ് എം.എം മണി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പറഞ്ഞതാണ് തന്റെയും നിലപാട്. ഇന്നലെ അങ്ങനെ ഒരു സാഹചര്യത്തില്‍ പറഞ്ഞ് പോയതാണ്. അത് ശരിയായില്ല എന്ന് പറഞ്ഞ പാര്‍ട്ടിയുടെ നിലപാട് തന്നെയാണ് തന്റെയും നിലപാടെന്ന് എം.എം മണി വ്യക്തമാക്കി.

ജനറല്‍ സെക്രട്ടറി എം.എ ബേബി പറഞ്ഞതിനോട് യോജിക്കുന്നുവെന്നും എംഎം മണി പറഞ്ഞു. പാര്‍ട്ടി പറഞ്ഞതിനോട് വ്യത്യസ്ത നിലപാടൊന്നുമില്ല. വികസന പ്രവര്‍ത്തനങ്ങളും ഒട്ടേറെ ക്ഷേമ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടും ഇങ്ങനെയൊരു ജനവിധി വന്നു. അതില്‍ അപ്പോഴത്തെ വികാരത്തിന്റെ പുറത്ത് പറഞ്ഞതാണ്. അത്തരത്തില്‍ പ്രതികരിക്കേണ്ടിയിരുന്നില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അടക്കം പറഞ്ഞു. പാര്‍ട്ടിയുടെ നിലപാട് ബേബി പറഞ്ഞത് തന്നെയാണ് എന്നും എം.എം മണി വ്യക്തമാക്കി.

നേതാക്കളാരും വിളിക്കുകയോ, പ്രസ്താവന തിരുത്താന്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും എം.എം മണി പറഞ്ഞു. ഉമ്മന്‍ചാണ്ടിയും എ.കെ ആന്റണിയും കെ. കരുണാകരനുമൊക്കെ ഭരിച്ചപ്പോഴും ജനങ്ങള്‍ ഉണ്ടായിരുന്നു. ഈ ജനങ്ങളുടെ അവകാശങ്ങളൊന്നും അന്ന് നടന്നില്ലല്ലോ. എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ചെയ്ത ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുമ്പത്തെ എല്‍ഡിഎഫ് ഇതര സര്‍ക്കാരുകള്‍ ചെയ്തിട്ടുണ്ടോയെന്നും എം.എം മണി ചോദിച്ചു. രാഷ്ട്രീയ പ്രവര്‍ത്തകര്‍ സാമൂഹ്യ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദേഹം പറഞ്ഞു.

കേരളം കണ്ട ഏറ്റവും നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവാണ് വി.ഡി സതീശന്‍. ആരെല്ലാം പ്രതിപക്ഷ നേതാവായിരുന്നിട്ടുണ്ട്. സമീപനത്തില്‍ തന്നെ പാളിച്ചയുള്ള പ്രതിപക്ഷ നേതാവാണ് വി.ഡി സതീശനെന്നാണ് തന്റെ അഭിപ്രായം. അദേഹം കാര്യങ്ങളെല്ലാം വ്യാഖ്യാനിക്കുന്നത് പ്രത്യേക ശൈലിയിലും രീതിയിലുമാണ്. അതിനോട് എല്ലാ കോണ്‍ഗ്രസുകാരും യോജിക്കുമെന്ന് കരുതുന്നില്ല. എന്തായാലും ഇന്നലെ നടത്തിയ പ്രതികരണം വേണ്ടിയിരുന്നില്ലെന്ന പാര്‍ട്ടി നിലപാട് അംഗീകരിക്കുന്നുവെന്നും എംഎം മണി പറഞ്ഞു.

നല്ല ഒന്നാന്തരം പെന്‍ഷന്‍ മേടിച്ചിട്ട് ഭംഗിയായി ശാപ്പാടും കഴിച്ച ശേഷം നല്ല ഭംഗിയായി നമ്മക്കിട്ട് വെച്ചു എന്നാണ് തോന്നുന്നു എന്നായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ എം.എം മണി അഭിപ്രായപ്പെട്ടത്. ജനങ്ങളെയും വോട്ടര്‍മാരെയും അപമാനിക്കുന്ന തരത്തിലുള്ള എം.എം മണിയുടെ പ്രസ്താവന വിവാദമാകുകയും ചെയ്തിരുന്നു. തുടര്‍ന്ന് മണിയുടെ പ്രസ്താവനയെ തള്ളി പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ ബേബി രംഗത്ത് വരികയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.