ടെഹ്‌റാന്‍: അറുപത് ലക്ഷം ലിറ്റര്‍ ഡീസല്‍ അനധികൃതമായി കടത്തി എന്നാരോപിച്ച് ഒമാന്‍ ഉള്‍ക്കടലില്‍ വിദേശ എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍. കപ്പലില്‍ ഇന്ത്യക്കാരടക്കം 18 ജീവനക്കാരുണ്ട്.
വെള്ളിയാഴ്ച ഇറാന്റെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ തെക്കന്‍ തുറമുഖ നഗരമായ ജാസ്‌കിന് സമീപമായിരുന്നു സംഭവം. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡാണ് കപ്പല്‍ പിടിച്ചെടുത്തത്. ഇന്ത്യക്കാര്‍ക്ക് പുറമേ ശ്രീലങ്ക, ബംഗ്ലാദേശ് പൗരന്മാരും കപ്പലിലുണ്ട്. ഇവരെ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെത്തിച്ച് ചോദ്യം ചെയ്തു.
കപ്പല്‍ ഏത് രാജ്യത്തിന്റേതാണെന്നോ ഉടമസ്ഥര്‍ ആരാണെന്നോ ഇറാന്‍ വ്യക്തമാക്കിയിട്ടില്ല. അന്താരാഷ്ട്ര നിയമങ്ങളെയും ഉപരോധങ്ങളെയും മറികടന്ന് രഹസ്യമായി എണ്ണ കടത്താന്‍ ഉപയോഗിക്കുന്ന കപ്പലുകള്‍ ഉടമസ്ഥാവകാശവും സ്ഥാനവും മറച്ചുവച്ച് സഞ്ചരിക്കാറുണ്ട്.
ഇറാന്റെ ഉയര്‍ന്ന സബ്‌സിഡി നിരക്കും കുറഞ്ഞ ആഭ്യന്തര വിലയും കണക്കിലെടുത്ത് മേഖലയില്‍ ഇന്ധന കള്ളക്കടത്ത് വ്യാപകമാകുന്നെന്നാണ് ആരോപണം. ഇക്കാരണത്താല്‍ ഇതിന് മുമ്പും ഇറാന്‍ കപ്പലുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
കപ്പല്‍ ഇന്ധന കള്ളക്കടത്ത് ദൗത്യത്തിന്റെ ഭാഗമാണെന്ന് ഇറാന്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കപ്പലിന് ആവശ്യമായ രേഖകളില്ല. സ്ഥാനം ട്രാക്ക് ചെയ്യപ്പെടാതിരിക്കാന്‍ കപ്പലിലെ എല്ലാ നാവിഗേഷന്‍ സംവിധാനങ്ങളും ബോധപൂര്‍വ്വം ഓഫ് ചെയ്‌തെന്നും അവര്‍ ആരോപിച്ചു.
ഇറാനുമായി ബന്ധമുള്ള എണ്ണക്കപ്പല്‍ വെനസ്വേല തീരത്ത് നിന്ന് അമേരിക്ക അടുത്തിടെ പിടിച്ചെടുത്തിരുന്നു. ഇതിനുള്ള തിരിച്ചടിയായിട്ടാണോ ഒമാന്‍ ഉള്‍ക്കടലില്‍ നിന്ന് ഇറാന്‍ കപ്പല്‍ പിടിച്ചെടുത്തതെന്ന സംശയവും ഉയരുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.