ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം നൽകിയത്. ആക്രമണം നടന്ന് ഏഴ് മാസങ്ങൾക്ക് ശേഷമാണ് നടപടി.
ടിആർഎഫ്, ലഷ്കറെ ത്വയ്ബ എന്നീ ഭീകര സംഘടനകളുടെ പേരുകൾ കുറ്റപത്രത്തിൽ പരാമർശിച്ചിട്ടുണ്ട്. സാജിദ് ജാട്ടാണ് ആക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ എന്ന് കുറ്റപത്രത്തിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് 350 പ്രദേശവാസികളെ ഉൾപ്പെടെ രണ്ടായിരത്തോളം പേരെ എൻഐഎ ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളും തെളിവുകളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അറസ്റ്റിലായ പർവേസ് അഹമ്മദും ബഷീർ അഹമ്മദും ആക്രമണം നടത്തിയ ഭീകരരെക്കുറിച്ച് ചോദ്യം ചെയ്യലിൽ വിശദമായ വിവരങ്ങൾ നൽകിയെന്ന് എൻഐഎ വ്യക്തമാക്കി. ഓപ്പറേഷൻ മഹാദേവിൽ വധിച്ച മൂന്ന് ഭീകരരുടെ പേരുകളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏപ്രിൽ 22 നായിരുന്നു രാജ്യത്തെ നടുക്കിക്കൊണ്ട് ജമ്മു കാശ്മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്ക് നേരെ ഭീകരാക്രമണം നടന്നത്. പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള തീവ്രവാദികൾ 26 പേരെയാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരിൽ മലയാളിയും ഉണ്ടായിരുന്നു.
65 വയസുകാരനായ കൊച്ചി പാലാരിവട്ടം സ്വദേശി രാമചന്ദ്രന്‍ ആണ് കൊല്ലപ്പെട്ടത്. കുടുംബത്തോടൊപ്പം കാശ്മീരിൽ വിനോദ സഞ്ചാരത്തിന് പോയതായിരുന്നു. കുടുംബത്തിന്റെ കൺമുന്നിൽ വെച്ചാണ് ഇദേഹത്തെ ഭീകരർ കൊലപ്പെടുത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.