'പൂജ്യ ബാപ്പു ഗ്രാമീണ തൊഴിലുറപ്പ് നിയമം': മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാന്‍ കേന്ദ്രം; തൊഴില്‍ ദിനം 125 ആക്കും

 'പൂജ്യ ബാപ്പു ഗ്രാമീണ തൊഴിലുറപ്പ് നിയമം': മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാന്‍ കേന്ദ്രം; തൊഴില്‍ ദിനം 125 ആക്കും

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. തൊഴില്‍ ദിനങ്ങളുടെ എണ്ണം നൂറില്‍ നിന്ന് 125 ദിവസമായി ഉയര്‍ത്തുന്നതിനുള്ള നിര്‍ദേശം കേന്ദ്ര മന്ത്രിസഭ ഇന്ന് ചര്‍ച്ച ചെയ്തു. നിയമത്തിന്റെ പേര് 'പൂജ്യ ബാപ്പു ഗ്രാമീണ തൊഴിലുറപ്പ് നിയമം' എന്നാക്കി മാറ്റാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം, സ്ത്രീ ശാക്തീകരണം എന്നിവ ലക്ഷ്യമിട്ട് ഗ്രാമീണ കുടുംബങ്ങള്‍ക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് നൂറ് ദിവസത്തെ തൊഴില്‍ ഉറപ്പു നല്‍കുന്ന പദ്ധതിയാണിത്. ഈ പരിധി 125 ദിവസമായി ഉയര്‍ത്താനാണ് ആലോചന.

2026 ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരുന്ന പതിനാറാം ധനകാര്യ കമ്മീഷന്റെ പ്രാഥമിക പദ്ധതിയായി ഇത് നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം, 2029-30 വരെ പദ്ധതിയുടെ തുടര്‍ച്ചയ്ക്കായി 5.23 ലക്ഷം കോടി രൂപ ചെലവാണ് കണക്കാക്കുന്നത്. ഇതിനുള്ള തുക എക്‌സ്‌പെന്‍ഡിച്ചര്‍ ഫിനാന്‍സ് കമ്മിറ്റിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2005 ല്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം എന്ന പേരില്‍ ആരംഭിച്ച ഈ പദ്ധതി, 2009 ഒക്ടോബര്‍ രണ്ട് മുതല്‍ യുപിഎ സര്‍ക്കാര്‍ 'മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം' എന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു.

2020-21 കാലയളവില്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന്, 7.55 കോടി ഗ്രാമീണ കുടുംബങ്ങള്‍ പദ്ധതിയുടെ ഉപയോക്താക്കളായി എന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍ 2022 മുതല്‍ പദ്ധതിയില്‍ ഗുണഭോക്താക്കളായവരുടെ എണ്ണം ക്രമേണ കുറഞ്ഞു.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഒരു കുടുംബത്തിന് ശരാശരി 50 ദിവസത്തെ തൊഴില്‍ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 40.70 ലക്ഷം കുടുംബങ്ങള്‍ മാത്രമാണ് 100 ദിവസത്തെ തൊഴില്‍ പരിധി പൂര്‍ത്തിയാക്കിയത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, 2005-ല്‍ പദ്ധതി ആരംഭിച്ചതുമുതല്‍ ഇതുവരെ 4,872.16 കോടി തൊഴില്‍ സൃഷ്ടിക്കുകയും 11,74,692.69 കോടി രൂപ ചിലവഴിക്കുകയും ചെയ്തിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.