ലോകത്തിന് സാഹോദര്യത്തിന്റെ സന്ദേശം ; വത്തിക്കാൻ ചത്വരത്തിൽ ക്രിസ്മസ് ട്രീയും പുൽക്കൂടും അനാവരണം ചെയ്തു

ലോകത്തിന് സാഹോദര്യത്തിന്റെ സന്ദേശം ; വത്തിക്കാൻ ചത്വരത്തിൽ ക്രിസ്മസ് ട്രീയും പുൽക്കൂടും അനാവരണം ചെയ്തു

വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ പുണ്യരാത്രിയെ വരവേൽക്കാൻ ഒരുങ്ങവേ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പുൽക്കൂടും ക്രിസ്മസ് ട്രീയും പ്രകാശപൂരിതമായി. വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റ് പ്രസിഡന്റ് സിസ്റ്റർ റാഫേല പെട്രിനി ചത്വരത്തിൽ നടന്ന ചടങ്ങിൽ ഇവ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

പുൽക്കൂടും ക്രിസ്മസ് ട്രീയും കേവലം അലങ്കാരങ്ങൾ മാത്രമല്ലെന്ന് സിസ്റ്റർ റാഫേല പെട്രിനി ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ലോകത്തെ മുഴുവൻ ആശ്ലേഷിക്കുന്ന ഈ രൂപങ്ങൾ കൂട്ടായ്മയുടെ അടയാളങ്ങളും സമാധാനത്തിലേക്കും സൃഷ്ടിയുടെ പരിപാലനത്തിലേക്കുമുള്ള ആഹ്വാനവുമാണ്. സാർവത്രിക സാഹോദര്യത്തിലേക്കുള്ള ക്ഷണമാണിതെന്നും അവർ കൂട്ടിച്ചേർത്തു.

തെക്കൻ ഇറ്റലിയിലെ നോസെറ ഇൻഫെരിയോർ-സാർണോ രൂപതയാണ് ഇത്തവണത്തെ മനോഹരമായ പുൽക്കൂട് നിർമ്മിച്ചു നൽകിയത്. ചടങ്ങിൽ രൂപതയെ പ്രതിനിധീകരിച്ച് ബിഷപ്പ് ഗ്യൂസെപ്പെ ഗ്യൂഡിസ് പങ്കെടുത്തു. വടക്കൻ ഇറ്റലിയിലെ ബോൾസാനോ-ബ്രെസ്സാനോൺ രൂപതയിൽ നിന്നാണ് ആകാശമുയരത്തിൽ നിൽക്കുന്ന ക്രിസ്മസ് ട്രീ എത്തിയത്. ബിഷപ്പ് 
ഇവോ മ്യൂസറും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

വത്തിക്കാൻ ജെൻഡർമേരി ബാൻഡിന്റെ അകമ്പടിയോടെ നടന്ന ചടങ്ങിൽ വിവിധ രൂപതകളിൽ നിന്നുള്ള ഗായക സംഘങ്ങൾ പരമ്പരാഗത ക്രിസ്മസ് ഗാനങ്ങൾ ആലപിച്ചു. വൈവിധ്യമാർന്ന നൃത്ത രൂപങ്ങളും ഉദ്ഘാടനത്തിന് മിഴിവേകി. രൂപതകളിൽ നിന്നുള്ള ആത്മീയ-സിവിൽ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു സംസാരിച്ചു.

2026 ജനുവരി 11ന് ആചരിക്കുന്ന കർത്താവിന്റെ ജ്ഞാനസ്‌നാന തിരുനാൾ വരെ വത്തിക്കാൻ ചത്വരത്തിൽ പുൽക്കൂടും ട്രീയും പ്രദർശിപ്പിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.