വിശ്വാസത്തിനായി ജീവൻ ബലിനൽകിയ ധീരസ്‌മരണ ; ഫ്രാൻസിലും സ്പെയിനിലുമായി 174 പേർ ഇനി വാഴ്ത്തപ്പെട്ടവർ

വിശ്വാസത്തിനായി ജീവൻ ബലിനൽകിയ ധീരസ്‌മരണ ; ഫ്രാൻസിലും സ്പെയിനിലുമായി 174 പേർ ഇനി വാഴ്ത്തപ്പെട്ടവർ

പാരീസ് : ലോകചരിത്രത്തിലെ കറുത്ത അധ്യായങ്ങളായ നാസി അധിനിവേശത്തിലും സ്പാനിഷ് ആഭ്യന്തര യുദ്ധത്തിലും വിശ്വാസത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച 174 പേരെ കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. ഫ്രാൻസിലും സ്പെയിനിലും നടന്ന പ്രൗഢഗംഭീരമായ ചടങ്ങുകളിലായിരുന്നു പ്രഖ്യാപനം.

സ്പെയിനിലെ ജാനിലുള്ള അസംപ്ഷൻ കത്തീഡ്രലിൽ നടന്ന ചടങ്ങിൽ 124 രക്തസാക്ഷികളെയാണ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്. ഇതിൽ ഏറ്റവും ശ്രദ്ധേയനായത് ഫാ. ഫ്രാന്‍സിസ്‌കോ ഡി പോള പാഡില്ല ആണ്. വിശുദ്ധ മാക്‌സിമില്യൻ കോൾബെയെ അനുസ്മരിപ്പിക്കും വിധം ആറ് മക്കളുടെ പിതാവായ ഒരു സഹതടവുകാരന് വേണ്ടി അദേഹം സ്വന്തം ജീവൻ ബലിനൽകി. 1937 ഏപ്രിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ജോസ് എന്ന പിതാവിനെ രക്ഷിക്കാൻ പട്ടാളക്കാരോട് തന്റെ പേര് ആ പട്ടികയിലേക്ക് മാറ്റാൻ ഫാ. ഫ്രാൻസിസ്കോ ആവശ്യപ്പെടുകയായിരുന്നു.

മതപീഡനത്തിന്റെ ഇരകളായ ഈ പട്ടികയിൽ ഒരു വിധവ, വികലാംഗനായ വ്യക്തി, വൈദികനായി പത്താം ദിവസം രക്തസാക്ഷിത്വം വരിച്ച യുവാവ് എന്നിവരും ഉൾപ്പെടുന്നു. കർദിനാൾ മാർസെല്ലോ സെമേരാരോ സ്പെയിനിലെ ചടങ്ങുകൾക്ക് നേതൃത്വം നൽകി. നാസി തടങ്കൽപ്പാളയങ്ങളിൽ വിശ്വാസത്തിനുവേണ്ടി പീഡനങ്ങൾ ഏറ്റുവാങ്ങിയ 50 യുവ രക്തസാക്ഷികളെയാണ് ഫ്രാൻസിൽ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്. ഫ്രാൻസിന്റെ ചരിത്രത്തിൽ ഇത്രയധികം പേരെ ഒന്നിച്ച് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നത് ഇതാദ്യമാണ്.

പുതിയ വാഴ്ത്തപ്പെട്ടവരെ ലിയോ പതിനാലാമൻ മാർപാപ്പ 'സുവിശേഷത്തിന്റെ ധീരരായ സാക്ഷികൾ' എന്ന് വിശേഷിപ്പിച്ചു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കാലഘട്ടത്തിലും സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും വെളിച്ചം പടർത്തിയവരാണ് ഇവരെന്ന് വത്തിക്കാൻ പുറത്തിറക്കിയ സന്ദേശത്തിൽ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.