വാഷിങ്ടൺ: അമേരിക്കയിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിലെ റോഡ് ഐലൻഡിൽ ശനിയാഴ്ച നടന്ന വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. എട്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. വെടിയുതിർത്തയാളെ പിടികൂടാനായിട്ടില്ല. പരിക്കേറ്റവരിൽ പലരുടെയും ആരോഗ്യനില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാനുള്ള സാധ്യത കൂടുതലാണ്.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു ഭീകാരന്തരീക്ഷം ബ്രൗൺ യൂണിവേഴ്സിറ്റിയിലുണ്ടായത്. ഹോപ്പ് സ്ട്രീറ്റിലെ ബാറസ് ആൻഡ് ഹോളി എൻജിനീയറിങ് കെട്ടിടത്തിന് സമീപമാണ് സംഭവം. കറുത്ത വസ്ത്രം ധരിച്ചെത്തിയ അക്രമി വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിന് പിന്നാലെ പോലീസ് സ്ഥലത്തേക്ക് എത്തി പ്രതിക്കായി തിരച്ചിൽ നടത്തി. പ്രതി പിടിയിലായതായി അധികൃതർ ആദ്യം അറിയിച്ചെങ്കിലും പിന്നീട് തിരുത്തിപ്പറഞ്ഞു. വെടിവെപ്പിനെ തുടർന്ന് യൂണിവേഴ്സിറ്റി വൈകുന്നേരത്തോടെ അടച്ചിട്ടു.
വെടിവെപ്പ് നടന്ന സമയത്ത് കെട്ടിടത്തിൽ ആരായിരുന്നു ഉണ്ടായിരുന്നതെന്ന് കണ്ടെത്താൻ അധികൃതർ ശ്രമിക്കുകയാണ്. കാരണം ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ കെട്ടിടത്തിൽ നിരവധി പരീക്ഷകൾ നടക്കുന്നുണ്ടായിരുന്നു. വ്യാഴാഴ്ച മുതലാണ് യൂണിവേഴ്സിറ്റിയിലെ അവസാന പരീക്ഷകൾ ആരംഭിച്ചത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
റോഡ് ഐലൻഡിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിൽ നടന്ന വെടിവെപ്പിനെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. എഫ്ബിഐ സംഘം സംഭവസ്ഥലത്തുണ്ട്. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ദൈവം അനുഗ്രഹം നൽകട്ടെയെന്ന് അദേഹം പ്രതികരിച്ചു.
വെടിയുതിർത്ത അക്രമി പിടിയിലായെന്ന് ട്രംപ് ആദ്യ ഘട്ടം പറഞ്ഞെങ്കിലും പിന്നീട് തിരുത്തി. വെടിവെപ്പ് വിദ്യാർഥികൾക്കും ജീവനക്കാർക്കുമിടയിൽ ആശങ്ക ശക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.