മാണിക്യനെയും തളത്തില്‍ ദിനേശനേയും മലയാളി എങ്ങനെ മറക്കും...!

മാണിക്യനെയും തളത്തില്‍ ദിനേശനേയും മലയാളി എങ്ങനെ മറക്കും...!

മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ വ്യക്തിത്വമാണ് ശ്രീനിവാസന്‍ എന്ന ബഹുമുഖ പ്രതിഭ. 48 വര്‍ഷം നീണ്ട സിനിമാ ജീവിതത്തിനാണ് ഇപ്പോള്‍ അന്ത്യമായത്. സാധാരണക്കാരുടെ പ്രശ്‌നങ്ങളെ ചിരിയുടെ മേമ്പൊടിയോടെ അവതരിപ്പിക്കാന്‍ ശ്രീനിവാസന് സവിശേഷമായ കഴിവ് തന്നെ ഉണ്ടായിരുന്നു.
അഞ്ച് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അദേഹത്തെ തേടിയെത്തി. 1956 ഏപ്രില്‍ നാലിന് തലശേരിക്കടുത്തുള്ള പാട്യത്തായിരുന്നു ജനനം. കതിരൂര്‍ ഗവ സ്‌കൂളിലും പഴശിരാജ എന്‍എസ്എസ് കോളജിലുമാണ് പഠിച്ചത്. പിന്നീട് മദ്രാസിലെ ഫിലിം ചേംബര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സിനിമാ അഭിനയത്തില്‍ ഡിപ്ലോമ നേടി.

1977 ല്‍ പി.എ ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് പ്രവേശിച്ചത്. 1984 ല്‍ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമക്ക് കഥ എഴുതിയാണ് തിരക്കഥാ രംഗത്തേയ്ക്ക് വന്നത്. ശ്രീനിവാസന്‍ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങള്‍ ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടി. 1991 ല്‍ പുറത്തിറങ്ങിയ 'സന്ദേശം' എന്ന ചിത്രം കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളില്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്.


പ്രശസ്ത സിനിമാനടന്‍ രജനികാന്ത് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സഹപാഠിയായിരുന്നു. ബക്കറുടേയും അരവിന്ദന്റെയും കെ.ജി ജോര്‍ജിന്റേതും അടക്കമുളള നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. പഞ്ചവടിപ്പാലത്തിലും വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്നിവയിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത അദേഹം തിരക്കഥാ രചനയിലേക്കും കടന്നു.'പൂച്ചയ്‌ക്കൊരു മൂക്കുത്തി'യാണ് ആദ്യ തിരക്കഥ. പ്രിയദര്‍ശനുമായി ചേര്‍ന്ന് ഹാസ്യത്തിന് മുന്‍തൂക്കം നല്‍കി ഒരുക്കിയ ചിത്രങ്ങളിലൂടെ അദേഹം സിനിമാലോകത്ത് സ്വതസിദ്ധമായൊരു സ്ഥാനം ഉറപ്പിച്ചു.

സന്മസുളളവര്‍ക്ക് സമാധാനം, ടി.പി ബാലഗോപാലന്‍ എംഎ, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, തലയണമന്ത്രം, ഗോളാന്തരവാര്‍ത്ത, ചമ്പക്കുളം തച്ചന്‍, വരവേല്‍പ്, സന്ദേശം, ഉദയനാണ് താരം, മഴയെത്തും മുമ്പേ, അഴകിയ രാവണന്‍, ഒരു മറവത്തൂര്‍ കനവ്, അയാള്‍ കഥയെഴുതുകയാണ്, കഥ പറയുമ്പോള്‍, ഞാന്‍ പ്രകാശന്‍ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളുടെ തിരകഥയും ഈ അതുല്യപ്രതിഭയുടെ തൂലികയില്‍ നിന്നുള്ളതാണ്. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ 2018 ഡിസംബറില്‍ പുറത്തിറങ്ങിയ 'ഞാന്‍ പ്രകാശന്‍'ആണ് ശ്രീനിവാസന്‍ ഏറ്റവും ഒടുവില്‍ തിരകഥ എഴുതിയ ചിത്രം.

മഴമെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തിലെ എം.എ ധവാന്‍, ചിദംബരത്തിലെ മുനിയാണ്ടി, നാടോടിക്കാറ്റിലെ കുറ്റന്വേഷകനായ വിജയന്‍, പൊന്‍മുട്ടയിടുന്ന താറാവിലെ സ്വര്‍ണ പണിക്കാരന്‍, പാവം പാവം രാജകുമാരനിലെ പാരലല്‍ കോളജ് അധ്യാപകന്‍, വടക്കുനോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശന്‍, തേന്‍മാവിന്‍ കൊമ്പത്തിലെ മാണിക്യന്‍, ഉദയനാണ് താരത്തിലെ സരോജ്കുമാര്‍ തുടങ്ങിയ നിരവധി വേഷങ്ങള്‍ അന്നും ഇന്നും എന്നും മലയാളിയുടെ മനസില്‍ മായാതെ മങ്ങാതെ നില്‍ക്കും.


ശ്രീനിവാസന്‍ സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രത്തിന് 1989ലെ മികച്ച ചിത്രത്തിനുളള സംസ്ഥാന അവാര്‍ഡും ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് 1998 ലെ സാമൂഹികവിഷയ ചിത്രത്തിനുളള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. മഴയെത്തും മുമ്പേ(1995), സന്ദേശം (1991) എന്നീ ചിത്രങ്ങള്‍ മികച്ച തിരക്കഥയ്ക്കുളള പുരസ്‌കാരവും നേടിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.