ടാംപയില്‍ സീറോ മലബാര്‍ കണ്‍വെന്‍ഷന്‍ കിക്കോഫ് വിശ്വാസ സന്ദേശമായി

ടാംപയില്‍ സീറോ മലബാര്‍ കണ്‍വെന്‍ഷന്‍ കിക്കോഫ് വിശ്വാസ സന്ദേശമായി

ചിക്കാഗോ: അമേരിക്കയിലെ സീറോ മലബാര്‍ രൂപതയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2026 ജൂലൈ ഒമ്പത് മുതല്‍ 12 വരെ ചിക്കാഗോയില്‍ സംഘടിപ്പിക്കുന്ന ദേശീയ സീറോ മലബാര്‍ കണ്‍വെന്‍ഷന്റെ പ്രചാരണത്തിനും കിക്കോഫിനുമായി കണ്‍വെന്‍ഷന്‍ ടീം ഫ്‌ളോറിഡയിലെ ടാംപയിലെ സെന്റ് ജോസഫ്സ് സീറോ മലബാര്‍ ചര്‍ച്ച് സന്ദര്‍ശിച്ചു.

ജൂബിലി കണ്‍വീനറും രൂപതയുടെ വികാരി ജനറാളുമായ ഫാ. ജോണ്‍ മേലേപ്പുറം കണ്‍വെന്‍ഷന്റെ ഔദ്യോഗിക കിക്കോഫ് നിര്‍വഹിച്ചു. പരിപാടിയില്‍ ഇടവകാംഗങ്ങള്‍ കുടുംബസമേതം പങ്കെടുത്തു.

ജീവിത യാത്രയില്‍ ദൈവത്തില്‍ പൂര്‍ണമായി ആശ്രയിക്കുന്ന വിശ്വാസം എത്രമാത്രം അനിവാര്യമാണെന്ന് സന്ദേശത്തില്‍ ഫാ. ജോണ്‍ മേലേപ്പുറം ഓര്‍മിപ്പിച്ചു. കണ്‍വെന്‍ഷനും ജൂബിലി ആഘോഷവും ചേര്‍ന്ന് സഭയുടെ വിശ്വാസ യാത്രയ്ക്ക് പുതുശക്തി നല്‍കും.

എല്ലാവരും ചരിത്ര പ്രാധാന്യമുള്ള സംഗമത്തിന്റെ ഭാഗമാകണമെന്ന് അഭ്യര്‍ത്ഥിച്ച അദേഹം, ഈ മഹാ കണ്‍വെന്‍ഷന്‍ നടക്കുമ്പോള്‍ തന്നെയാണ് രൂപതയുടെ പ്രഥമ ഇടയനായ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും ആഘോഷിക്കപ്പെടുന്നതെന്ന് ചൂണ്ടിക്കാട്ടി.

ഇടവക വികാരി ഫാ. ജിമ്മി ജോണ്‍ കണ്‍വെന്‍ഷന്‍ ടീമിനെ സ്വാഗതം ചെയ്തു. രൂപതയുടെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനമായി നടക്കുന്ന ഈ മഹാസംഗമം, വിശ്വാസത്തില്‍ ഒന്നായി വളരാനും സഭാ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കാനും ദൈവം നല്‍കുന്ന അനുഗ്രഹീത അവസരമാണെന്ന് അദേഹം പറഞ്ഞു. ഇടവക ട്രസ്റ്റികളായ മാത്യുക്കുട്ടി മാളിയേക്കല്‍, പ്രിന്‍സ് ആന്റണി എന്നിവര്‍ എല്ലാ ക്രമീകരണങ്ങള്‍ക്കും നേതൃത്വം നല്‍കി.


നാല് ദിവസങ്ങളിലായി ഒരുക്കിയിരിക്കുന്ന ആത്മീയ സാംസ്‌കാരിക പരിപാടികളുടെ സമഗ്ര രൂപരേഖ ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ആന്‍ഡ്രൂസ് തോമസ് വിശദീകരിച്ചു. ഡിസംബര്‍ 31 ന് മുന്‍പ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി 'ഏര്‍ളി ബേര്‍ഡ്' ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്താമെന്നും രജിസ്‌ട്രേഷന്‍ പ്രക്രിയ ലളിതമാണെന്നും ആന്‍ഡ്രൂസ് പറഞ്ഞു.

രജിസ്‌ട്രേഷന്‍ കോര്‍ഡിനേറ്റര്‍ സണ്ണി വള്ളിക്കളം, കണ്‍വെന്‍ഷന്‍ പ്രതിനിധികളായ പ്രിന്‍സ് ആന്റണി, മരിയ തോട്ടുകടവില്‍, റെയ്‌സന്‍ ജോസഫ്, ജോമോന്‍ പുത്തന്‍പുരയ്ക്കല്‍, ഡാന ജോണ്‍ എന്നിവര്‍ കിക്കോഫ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ചിക്കാഗോ നഗര ഹൃദയത്തിലെ ലോക പ്രശസ്തമായ മക്കോര്‍മിക് പ്ലേസ് കണ്‍വെന്‍ഷന്‍ സെന്ററിലും അതിനോട് ചേര്‍ന്ന മൂന്ന് ഹോട്ടലുകളിലുമായാണ് സീറോ മലബാര്‍ യു.എസ്.എ കണ്‍വെന്‍ഷന്‍ നടക്കുന്നത്.

കഴിഞ്ഞ 25 വര്‍ഷങ്ങളായി അമേരിക്കയില്‍ സീറോ മലബാര്‍ സഭ കൈവരിച്ച ആത്മീയ വളര്‍ച്ചയും ദൈവകൃപയും ഓര്‍ക്കുന്നതിനോടൊപ്പം ഭാവിയെ വിശ്വാസത്തോടെ നോക്കി കാണുന്നതിനുള്ള വേദിയാകുകയാണ് ഈ മഹാ കണ്‍വെന്‍ഷന്‍. ഒരുമിച്ച് പ്രാര്‍ത്ഥിക്കാനും പഠിക്കാനും അനുഭവങ്ങള്‍ പങ്കുവയ്ക്കാനും സഭയുടെ ദൗത്യത്തെക്കുറിച്ച് ചിന്തിക്കാനും ഈ സംഗമം അവസരം ഒരുക്കുന്നു.

ദിവസേനയുള്ള വിശുദ്ധ കുര്‍ബാന, ആരാധന, ധ്യാനങ്ങള്‍ എന്നിവയ്ക്കൊപ്പം ആഴമുള്ള വിഷയാവതരണങ്ങള്‍, കുടുംബയുവജന സെഷനുകള്‍, സംഘടനാ കൂട്ടായ്മകള്‍, കലാപരിപാടികള്‍, മത്സരങ്ങള്‍ എന്നിവയും കണ്‍വെന്‍ഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായി കഴിയുന്ന എല്ലാ സീറോ മലബാര്‍ വിശ്വാസികളും ഈ വിശ്വാസ സംഗമത്തിലേക്ക് എത്തണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട് തന്റെ സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചു.

ടാംപ സെന്റ് ജോസഫ്സ് പള്ളിയിലെ വികാരിയുടെയും ട്രസ്റ്റികളുടെയും ഇടവകാംഗങ്ങളുടെയും സ്‌നേഹപൂര്‍വ്വമായ സ്വീകരണത്തിനും സഹകരണത്തിനും കണ്‍വെന്‍ഷന്‍ ടീം പ്രത്യേകം നന്ദി രേഖപ്പെടുത്തി.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും   www.syroConvention.org സന്ദര്‍ശിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.