വാഷിങ്ടൺ: അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി ദുരൂഹസാചര്യത്തിൽ മരിച്ചു. തെലങ്കാനയിലെ നാൽഗൊണ്ട ജില്ലയിലുള്ള മെല്ലാടുപ്പാലപ്പള്ളി സ്വദേശി പവൻ കുമാർ റെഡ്ഡിയാണ് (23) മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം അത്താഴം കഴിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി കുഴഞ്ഞുവീഴുകയായിരുന്നു.
ഭക്ഷണം കഴിക്കുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച പവനെ സുഹൃത്തുക്കൾ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം ഹൃദയ സ്തംഭനമാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സംഭവത്തിൽ ലോക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പവന്റെ മരണം ഭക്ഷ്യവിഷബാധ മൂലമാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രചരണം നടന്നിരുന്നു. എന്നാൽ യുഎസ് ആരോഗ്യവകുപ്പോ പോലീസോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണത്തിലെ ദുരൂഹത നീങ്ങുകയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി.
പവന്റെ ആകസ്മിക നിര്യാണത്തിൽ കുടുംബം ആകെ തകർന്നിരിക്കുകയാണ്. സംസ്കാര ശുശ്രൂഷകൾ നാട്ടിൽ നടത്തുന്നതിനായി മൃതദേഹം എത്രയും വേഗം ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതിനായി കുടുംബാംഗങ്ങൾ ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.