ഹെറാത്തിന് പിന്നാലെ കാബൂളിലും തെരുവിലിറങ്ങി താലിബാനെ ഞെട്ടിച്ച് വനിതകളുടെ പ്രതിഷേധം

 ഹെറാത്തിന് പിന്നാലെ കാബൂളിലും തെരുവിലിറങ്ങി താലിബാനെ ഞെട്ടിച്ച് വനിതകളുടെ പ്രതിഷേധം


കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ച താലിബാന്‍ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച് വിദ്യാഭ്യാസ, തൊഴില്‍ സ്വാതന്ത്ര്യം തേടി തെരുവില്‍ വനിതകളുടെ പ്രതിഷേധം. നേരത്തെ ഹെറാത്തില്‍ നടന്ന പ്രതിഷേധത്തിന് പിന്നാലെ കാബൂളിലും പ്ലക്കാര്‍ഡുകളുമായാണ് വനിതകള്‍ തെരുവില്‍ ഇറങ്ങിയത്.

സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും തൊഴിലിനുമുളള അവകാശം ഉറപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കുട്ടികളും മുതിര്‍ന്നവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. നിലവിലെ ജോലിയില്‍ തുടരുന്നതിനും തുടര്‍പഠനത്തിനും അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടി ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.

പ്രതിഷേധ ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കകം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചു. കഴിഞ്ഞ ദിവസം പടിഞ്ഞാറന്‍ നഗരമായ ഹെറാത്തിലും ഇതേ രീതിയില്‍ സ്ത്രീകള്‍ തെരുവില്‍ ഇറങ്ങിയിരുന്നു. ശരിയത്ത് നിയമത്തിന്റെ പരിധിയില്‍ നിന്ന് മാത്രമേ സ്ത്രീകളുടെ ജോലിയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും അനുവദിക്കൂവെന്ന് താലിബാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് മൂലം വിദ്യാഭ്യാസം മുടങ്ങുമോയെന്ന ആശങ്കയിലാണ് അഫ്ഗാനിലെ ആയിരക്കണക്കിന് പെണ്‍കുട്ടികള്‍.

നേരത്തെ വനിതകള്‍ നേതൃത്വം നല്‍കിയിരുന്ന എന്‍ജിഒകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു താലിബാന്‍.വനിതാ ആക്ടിവിസ്റ്റുകള്‍ക്ക് സമൂഹമാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും ഭീഷണികളും ലഭിച്ചു. 1996 മുതല്‍ 2001 വരെയുളള താലിബാന്‍ ഭരണകാലത്ത് അഫ്ഗാനില്‍ ഇത്തരം പല നീക്കങ്ങളും അരങ്ങേറിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.