ന്യൂഡല്‍ഹി: റഷ്യയുടെ ഏറ്റവും വിശ്വസ്ത പങ്കാളിയാണ് എക്കാലവും ഇന്ത്യയെന്നും കാലത്തെ അതിജീവിച്ച ബന്ധമാണ് ഈ രാജ്യങ്ങള്‍ തമ്മിലുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ വികസനപ്രവര്‍ത്തനങ്ങളില്‍ ഇരു രാജ്യങ്ങളും ശക്തമായ സഹകരണം തുടരുമെന്നും മോദി പറഞ്ഞു.റഷ്യയിലെ വ്‌ളാഡിവോസ്‌റ്റോക്കില്‍ നടക്കുന്ന ആറാമത് കിഴക്കന്‍ മേഖല സാമ്പത്തിക സമ്മേളനത്തെ വീഡിയോയിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യയെ പ്രത്യേകം ക്ഷണിച്ച പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് നന്ദി അറിയിച്ചതോടൊപ്പം വ്‌ളാഡിവോസ്‌റ്റോക്കില്‍ തന്റെ മന്ത്രിയായ ഹര്‍ദീപ് പുരി സമ്മേളനത്തില്‍ പങ്കെടുക്കുന്ന കാര്യവും നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. മേഖലയിലെ വികസന നയത്തില്‍ പുടിന്റെ ദീര്‍ഘവീക്ഷണം 2019ലെ സന്ദര്‍ശന വേളയില്‍ തനിക്കു ബോദ്ധ്യപ്പെട്ടെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ സമുദ്രതീരത്തെ പരമാവധി പ്രയോജനപ്പെടുത്തി ഏഷ്യയുടെ വികസനത്തിന് പരസ്പര സഹകരണം ഉറപ്പുവരുത്തും.
വികസന സാദ്ധ്യതകള്‍ വിലയിരുത്താന്‍ റഷ്യയിലെ 11 മേഖലാ ഗവര്‍ണര്‍മാരുടെ സംഘത്തെ നരേന്ദ്ര മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു.ചെന്നൈ, വ്‌ളാഡിവോസറ്റോക് തുറമുഖങ്ങള്‍ തമ്മിലുള്ള വാണിജ്യ ബന്ധം ഏറെ നിര്‍ണ്ണായകമാണെന്നും പ്രധാന മന്ത്രി കൂട്ടിച്ചേര്‍ത്തു. ഏറ്റവും മികച്ച തൊഴിലാളികളാണ് ഇന്ത്യയുടേത്. ഏഷ്യയിലെ ഏതു രാജ്യത്തിനായും ഇന്ത്യന്‍ തൊഴിലാളികളുടെ സേവനം ഉറപ്പുവരുത്തും. റഷ്യയുടെ സ്ഫുട്‌നിക് വാക്‌സിന്‍ ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണ മേഖലയില്‍ ഇരു രാജ്യങ്ങളുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം കോവിഡ് കാലത്തോടെ വ്യക്തമായെന്നും മോദി ചൂണ്ടിക്കാട്ടി.