കാബൂള്‍: താലിബാന്‍ മോചിപ്പിച്ച കുറ്റവാളികള്‍ വനിതാ ജഡ്ജിമാർക്ക് ഭീഷണിയാകുന്നു. താലിബാന്‍ അഫ്ഗാനിസ്ഥാന്റെ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ജയിലുകളിൽ കഴിഞ്ഞിരുന്ന കുറ്റവാളികളെ മോചിപ്പിച്ചിരുന്നു. താലിബാന്‍ മോചിപ്പിച്ച കുറ്റവാളികള്‍ ഇപ്പോൾ വനിതാ ജഡ്ജിമാരുടെ വീടുകള്‍ തിരഞ്ഞുപിടിച്ച് ഭീഷണി മുഴക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
വനിതാ ജഡ്ജിമാരുടെ ജീവന്‍ അപകടത്തിലാണെന്നും പേരും മുഖവും വെളിപ്പെടുത്തരുതെന്നും അവർ അഭ്യര്‍ത്ഥിച്ചു. ജയിലിലടയ്ക്കാന്‍ വിധിച്ച കുറ്റവാളികളാണ് വീടുകള്‍ തിരഞ്ഞെത്തിയതെന്ന് അവര്‍ വ്യക്തമാക്കി.
ഇന്റർനാഷണല്‍ അസോസിയേഷന്‍ ഓഫ് വുമണ്‍ ജഡ്ജസിലെ മനുഷ്യാവകാശ സന്നദ്ധ പ്രവര്‍ത്തകരുടെയും വിദേശ സഹപ്രവര്‍ത്തകരുടെയും കൂട്ടായ സഹായത്തോടെ കഴിഞ്ഞ ദിവസങ്ങളില്‍ കുറച്ചു ജഡ്ജിമാരെ രക്ഷപ്പെടുത്തിയിരുന്നു.
വനിതാ ജഡ്ജിമാര്‍ക്ക് പുറമെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ജീവനും ഭീഷണിയുള്ളതായും റിപ്പോര്‍ട്ടുണ്ട്. ജനുവരിയില്‍ രണ്ട് വനിതാ ജഡ്ജിമാരെ താലിബാന്‍ വധിച്ചിരുന്നു.