തല വെട്ടുമെന്ന് ഭീഷണിപ്പെടുത്തുന്ന താലിബാന്‍ ഭീകരരെ ഭയന്ന് അഫ്ഗാനിലെ ചില രഹസ്യ കേന്ദ്രങ്ങളില്‍ ഒളിവില്‍ കഴിയുന്ന ക്രിസ്ത്യാനികളുടെ ജീവിത ദൈന്യത അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ സി.ബി.എന്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു.
കാബൂള്‍: ഇസ്ലാം ഭീകര സംഘടനയായ താലിബാന്‍ ഭരണം പിടിച്ചെടുത്തതോടെ അഫ്ഗാനിസ്ഥാനിലെ ആയിരക്കണക്കിന് ക്രിസ്ത്യാനികള്‍ നേരിടുന്നത് ഗുരുതരമായ അപകടമാണെന്ന് യു.എന്‍ മുന്നറിയിപ്പ്. രാജ്യത്ത് നിന്നും രക്ഷപ്പെടാനുള്ള അവസരങ്ങള്‍ ഇവര്‍ക്ക് ലഭ്യമാക്കണമെന്ന് യു.എന്‍ ലീഗല്‍ ഓഫീസര്‍ ജിയോര്‍ജിയോ മസോളി താലിബാന്‍ അധികൃതരോട് ആവശ്യപ്പെട്ടു.
യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ പ്രത്യേക സെഷനിലാണ് അഫ്ഗാനിസ്ഥാനിലെ മത ന്യൂനപക്ഷങ്ങളുടെ സാഹചര്യം കൈകാര്യം ചെയ്യുന്ന ജനീവയിലെ ക്രിസ്ത്യന്‍ നിയമ പ്രതിരോധ സംഘടനയായ എ.ഡി.എഫ് ഇന്റര്‍നാഷണലിന്റെ യുണൈറ്റഡ് നേഷന്‍സ് ലീഗല്‍ ഓഫീസര്‍ ജിയോര്‍ജിയോ മസോളി മനുഷ്യാവകാശ ലംഘനത്തിന്റെ സമാനതകളില്ലാത്ത അവസ്ഥയെക്കുറിച്ച് വ്യക്തമാക്കിയത്.
സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും എതിരായ ഗുരുതരമായ സാഹചര്യവും തല്‍ഫലമായുണ്ടായ അഫ്ഗാനിസ്ഥാനിലെ മാനുഷിക പ്രതിസന്ധിയും നിലവിലെ ഭരണകൂടത്തിന്റെ അക്രമം ഭയന്ന് പല പൗരന്മാരെയും പലായനം ചെയ്യാന്‍ പ്രേരിപ്പിക്കുകയാണെന്ന് മസോളി തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

അഫ്ഗാനിസ്ഥാനിലെ അതിവേഗം വഷളാകുന്ന സുരക്ഷാ മനുഷ്യാവകാശ സാഹചര്യങ്ങളില്‍ എ.ഡി.എഫ് ഇന്റര്‍നാഷണല്‍ വളരെയധികം ആശങ്കാകുലരാണ്. മാനുഷിക പ്രതിസന്ധി കണക്കിലെടുത്ത് ആയിരക്കണക്കിന് അഫ്ഗാന്‍ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും രാജ്യത്തിനകത്തു തന്നെ മാറ്റിപ്പാര്‍പ്പിക്കുകയും കൂടുതല്‍ പേരെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഫ്ഗാനിസ്ഥാനില്‍ ഇപ്പോഴും പതിനായിരത്തോളം ക്രിസ്ത്യാനികള്‍ ഇവിടെ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അവരില്‍ പലരും ഇസ്ലാമില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് മാറിയതിന് 'കുറ്റവാളികള്‍' ആണ്. ഇത് താലിബാന്റെ 'ശരീഅത്ത്' നിയമപ്രകാരം വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും മസോളി ചൂണ്ടിക്കാണിച്ചു.
തല വെട്ടുമെന്ന് ഭീഷണിപ്പെടുത്തുന്ന താലിബാന്‍ ഭീകരരെ ഭയന്ന് അഫ്ഗാനിലെ ചില രഹസ്യ കേന്ദ്രങ്ങളില്‍ ഒളിവില്‍ കഴിയുന്ന ക്രിസ്ത്യാനികളുടെ ജീവിത ദൈന്യത അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ സി.ബി.എന്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു.