താലിബാന്‍ 'കടന്നുകയറ്റം'; അഫ്ഗാന്‍ സര്‍ക്കാരിന്റെ ഇ-മെയിലുകള്‍ക്ക് ഗൂഗിളിന്റെ പൂട്ട്

താലിബാന്‍ 'കടന്നുകയറ്റം'; അഫ്ഗാന്‍ സര്‍ക്കാരിന്റെ ഇ-മെയിലുകള്‍ക്ക് ഗൂഗിളിന്റെ പൂട്ട്

വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാന്‍ താലിബാന്‍ നിയന്ത്രണത്തിലായതിനു പിന്നാലെ സര്‍ക്കാറിന്റെ ഇ-മെയില്‍ അക്കൗണ്ടുകള്‍ താല്‍ക്കാലികമായി ബ്ലോക്ക് ചെയ്ത് ഗൂഗിള്‍. അഫ്ഗാന്‍ സര്‍ക്കാറും അന്താരാഷ്ട്ര പങ്കാളികളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടുന്ന ഇ-മെയിലുകളാണ് ഗൂഗിള്‍ ബ്ലോക്ക് ചെയ്തതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ അഫ്ഗാന്‍ സര്‍ക്കാറിലെ ഉദ്യോഗസ്ഥരുടെ ഇ-മെയിലുകളിലേക്കു കടന്നു കയറാന്‍ താലിബാന്‍ ശ്രമം നടത്തുന്നുവെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ഗൂഗിള്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തുവെന്ന സൂചനകളും വരുന്നത്.

അഫ്ഗാനിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ചില ഇ-മെയില്‍ അക്കൗണ്ടുകള്‍ സംരക്ഷിക്കാന്‍ നടപടിയുണ്ടാകുമെന്നും ഗൂഗിള്‍ വിശദീകരിച്ചു. അഫ്ഗാന്‍ സര്‍ക്കാറിന്റെ കീഴില്‍ വരുന്ന രണ്ട് ഡസനോളം സ്ഥാപനങ്ങള്‍ ഔദ്യോഗിക ഇ-മെയിലുകള്‍ കൈകാര്യം ചെയ്യാന്‍ ഗൂഗിള്‍ സെര്‍വറുകളാണ് ഉപയോഗിച്ചത്. ധനകാര്യം, വ്യവസായം, ഉന്നത വിദ്യഭ്യാസം, ഖനനം തുടങ്ങിയ മന്ത്രാലയങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇതിനൊപ്പം ചില മന്ത്രാലയങ്ങള്‍ മൈക്രോസോഫ്റ്റിന്റെ ഇ-മെയിലുകളും ഉപയോഗിച്ചിട്ടുണ്ട്. അത് ബ്ലോക്ക് ചെയ്യാനുള്ള നടപടികള്‍ മൈക്രോസോഫ്റ്റ് സ്വീകരിക്കുമോയെന്നതില്‍ വ്യക്തതയില്ല.

അഫ്ഗാനിലെ മുന്‍ സര്‍ക്കാരിന്റെ വിവിധ രേഖകളുമായി ബന്ധപ്പെട്ട ഡാറ്റകള്‍ സംരക്ഷിക്കാന്‍ താലിബാന്‍ തന്നോട് ജൂലൈ അവസാനം ആവശ്യപ്പെട്ടതായി ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തി. താന്‍ അങ്ങനെ ചെയതാല്‍, എല്ലാ സുപ്രധാന രേഖകളും ആശയവിനിമയങ്ങളും അവര്‍ക്കു ലഭിക്കും. അഭ്യര്‍ത്ഥനയുമായി സഹകരിക്കാത്തതിനാല്‍ താന്‍ ഇപ്പോള്‍ ഒളിവിലാണെന്നും ജീവനക്കാരന്‍ പറഞ്ഞു.

രാജ്യത്തിന്റെ നിയന്ത്രണം താലിബാന്‍ പിടിച്ചെടുത്തതോടെ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആക്ടിവിസ്റ്റുകളും പ്രതികാര നടപടി ഭയന്നാണ് കഴിയുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.