കോട്ടയം: രമേശ് ചെന്നിത്തലയുടെ ഇന്നലത്തെ കോട്ടയം പ്രസംഗത്തിനെതിരെ കടുത്ത വിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തീകെടുത്താന്‍ ശ്രമിക്കുമ്പോള്‍ പന്തം കുത്തി ആളിക്കത്തിക്കരുതെന്നും ഉമ്മന്‍ചാണ്ടിയെ മറയാക്കി പുറകില്‍നിന്ന് കളിക്കരുതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ പകയുടെ കാര്യമില്ല, പാര്‍ട്ടി ക്ഷീണത്തിലായ നിലവിലെ സാഹചര്യം മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കഴിഞ്ഞദിവസം കോട്ടയം ഡി.സി.സി പ്രസിഡന്റ് ചുമതലയേല്‍ക്കുന്ന ചടങ്ങിലാണ് രമേശ് ചെന്നിത്തല കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. താന്‍ പാര്‍ട്ടിയുടെ നാലണ മെമ്പര്‍ മാത്രമാണെന്നും ഉമ്മന്‍ചാണ്ടി അങ്ങനയല്ലെന്നും സംഘടനാപരമായ കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടിയുമായി ആലോചിക്കേണ്ട ബാധ്യതയുണ്ടെന്നുമായിരുന്നു ചെന്നിത്തലയുടെ പറഞ്ഞത്.
ഇപ്പോള്‍ നടക്കുന്നത് റിലേ ഓട്ടമത്സരമല്ലെന്നും എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോവുക എന്നതാണ് നേതൃത്വത്തിന്റെ ഉത്തരവാദിത്തമെന്നും ചെന്നിത്തല പറഞ്ഞിരുന്നു. ചെന്നിത്തലയുടെ പ്രതികരണം കോണ്‍ഗ്രസിനുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി തിരുവഞ്ചൂര്‍ രംഗത്തെത്തിയത്.