കോട്ടയം: ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ധ്വംസിക്കുന്ന ശുപാര്‍ശകളാണ് പതിനൊന്നാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളതെന്ന് ഓര്‍ത്തഡോക്‌സ് സഭ. എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ല.
ന്യൂനപക്ഷങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ നടത്തുന്ന ആസൂത്രിത ശ്രമം അപലപനീയമാണ്. സര്‍ക്കാര്‍ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്നും ഓര്‍ത്തഡോക്‌സ് സഭ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ ആവശ്യപ്പെട്ടു.
ശമ്പള പരിഷ്‌ക്കരണ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശയായ എയ്ഡഡ് നിയമനങ്ങളിലെ സര്‍ക്കാര്‍ നിയന്ത്രണത്തിനെതിരെ ഇതിനോടകം തന്നെ എതിര്‍പ്പ് ശക്തമാണ്. എയിഡഡ് നിയമന നിയന്ത്രണത്തിനുള്ള നീക്കങ്ങള്‍ നിലനില്‍ക്കില്ലെന്നും അംഗീകരിക്കില്ലെന്നുമാണ് എന്‍എസ്എസ് പ്രതികരണം.
അതേ സമയം റിപ്പോര്‍ട്ടിലെ മറ്റൊരു പ്രധാന ശുപാര്‍ശയായ പെന്‍ഷന്‍ പ്രായം കൂട്ടണമെന്ന ശുപാര്‍ശക്കെതിരെ യുവജന സംഘടനകള്‍ രംഗത്തെത്തി.