യഥാര്‍ത്ഥത്തില്‍ ജന്മിത്വത്തിനും ബ്രിട്ടീഷ് ഭരണത്തിനും എതിരായി ഉയര്‍ന്നുവന്ന ജനമുന്നേറ്റം വര്‍ഗീയ വികാരങ്ങളുടെ മുന്നേറ്റമായി വഴിമാറിയ ദാരുണ സംഭവമാണ് മലബാര്‍ ലഹള. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് നയത്തിന്റെ അരങ്ങേറ്റമായിരുന്നു മലബാര്‍ കലാപം.
കൊച്ചി: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ചരിത്രം രേഖപ്പെടുത്തിയ മലബാര്‍ കലാപം ഇപ്പോള്‍ 'വിവാദ കലാപ'മായി മാറി. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതെടുത്ത് തലങ്ങും വിലങ്ങും വീശുകയാണ്. മലബാര്‍ കലാപത്തെ കേവലം ഹിന്ദു - മുസ്ലിം ലഹളയായിട്ടാണ് ഇപ്പോള്‍ ചിലര്‍ ചിത്രീകരിക്കുന്നത്.
മലബാര്‍ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്നും പ്രസ്തുത സമരത്തില്‍ പങ്കെടുത്ത 387 പേര്‍ സ്വാതന്ത്ര്യസമര രക്തസാക്ഷികളാണെന്നും ചരിത്രഗവേഷണ സമിതി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രസ്തുത രേഖകള്‍ എല്ലാം തെറ്റാണെന്നും രക്തസാക്ഷിപ്പട്ടികയില്‍പ്പെട്ട 387 പേരുടെ പേരുകള്‍ രേഖയില്‍ നിന്നും നീക്കം ചെയ്യണമെന്നും ചരിത്രഗവേഷണ സമിതി ഇപ്പോള്‍ തീരുമാനിച്ചത് ചരിത്രത്തെ വളച്ചൊടിക്കുന്നതിന് തുല്യമാണ്.
എന്താണ് മലബാര്‍ കലാപം?.. 1921 ല്‍ മലബാറില്‍ അസംതൃപ്തരായ കര്‍ഷകരുടെ കലാപം പൊട്ടിപ്പുറപ്പെട്ടു. ഇതോടൊപ്പം മാപ്പിള എന്നറിയപ്പെടുന്ന മുസ്ലിം കര്‍ഷകരുടെ പ്രക്ഷോഭവും ആരംഭിച്ചു. ഭാരിച്ച നികുതി, അരക്ഷിതാവസ്ഥ, പാട്ടക്കരാര്‍ പുതുക്കുന്നതിനുള്ള കനത്ത നികുതി തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്ന പാട്ടക്കൃഷിക്കാര്‍ ജന്മിമാര്‍ക്കെതിരെ സമരം ആരംഭിച്ചത്. പത്തൊമ്പതാം നൂറ്റാണ്ട് മുതല്‍ മുസ്ലിംങ്ങള്‍ ജന്മിമാര്‍ക്കെതിരെ ചെറുത്തു നില്‍പ്പുകള്‍ ആരംഭിച്ചു. എന്നാല്‍ 1921 ലെത്തുമ്പോള്‍ ഇത്തരം ചെറുത്തു നില്‍പുകള്‍ക്കും കലാപങ്ങള്‍ക്കും പുതിയ രൂപം പ്രാപിച്ചു.
ഈ സന്ദര്‍ഭത്തില്‍ ഖിലാഫത്ത് പ്രസ്ഥാനവും കരുത്താര്‍ജ്ജിച്ചു വന്നു. പാട്ടക്കാരുടെ പ്രക്ഷോഭണങ്ങളും ഖിലാഫത്ത് സമരവും വേര്‍തിരിക്കാനാവാത്ത വിധം ചേര്‍ന്ന് അതിശക്തമായ ജനകീയ സമരത്തിന്റെ രൂപം പ്രാപിച്ചു. സമരത്തിന്റെ സാമൂഹ്യ അടിത്തറ മുസ്ലിം ജനവിഭാഗമായിരുന്നു. പൊതുവേ ഹിന്ദുക്കള്‍ ഈ സമരത്തെ സംശയ ദൃഷ്ടിയോടെയാണ് സമീപിച്ചിരുന്നത്.
ഈ സംയുക്ത സമര നിരയ്ക്ക് ആവേശവും കരുത്തും പകരാന്‍ മഹാത്മാഗാന്ധി എത്തി. ഗാന്ധിജിയോടൊപ്പം ഷൗക്കത്ത് അലി, മൗലാനാ ആസാദ് തുടങ്ങിയ ദേശീയ നേതാക്കന്മാരും സമരരംഗത്ത് എത്തി. ഇതോടെ ഖിലാഫത്ത് കുടിയാന്‍ കര്‍ഷക സംയുക്ത സമരത്തിന് തീപിടിച്ചു. 1921 ഫെബ്രുവരി അഞ്ചിന് തീരുമാനിച്ചിരുന്ന ഖിലാഫത്ത് മീറ്റിംഗ് നിരോധിച്ചുകൊണ്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ മുന്നോട്ടുവന്നു.
1921 ഫെബ്രുവരി 18ന് ഖിലാഫത്ത് - കോണ്‍ഗ്രസ് നേതാക്കന്മാരെ കൂട്ടത്തോടെ അറസ്റ്റു ചെയ്തു. യാക്കൂബ് ഹസന്‍, ഗോപാലമേനോന്‍, പി. മൊയ്ദീന്‍കോയ, കെ. മാധവന്‍നായര്‍ എന്നിവരെ ജയിലിലടച്ചു. സമരം പ്രാദേശികമായ മാപ്പിളമാരുടെ നേതൃത്വത്തിലായി. ഈ സന്ദര്‍ഭത്തില്‍ ഏറനാട്ടു താലൂക്ക് മജിസ്‌ട്രേറ്റ് ഇ.എഫ്. തോമസ് വന്‍ പൊലീസ് സന്നാഹത്തോടെ 1921 ആഗസ്റ്റ് 20ന് തിരൂരങ്ങാടി പള്ളിയിലെത്തി. ഖിലാഫത്ത് നേതാവും ജനസമ്മതനുമായ അലി മുസലിയാരെ അറസ്റ്റു ചെയ്യുകയായിരുന്നു ലക്ഷ്യം.

അവിടെയുണ്ടായിരുന്ന മൂന്നു സാധാരണ ഖിലാഫത്ത് വാളണ്ടീയറന്മാരെ മാത്രം അറസ്റ്റുചെയ്ത് അവര്‍ക്ക് മടങ്ങേണ്ടിവന്നു. ഈ സംഭവത്തോടൊപ്പം മറ്റൊരു വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു. അലി മുസിലിയാര്‍ മുഖ്യപുരോഹിതനായ മാമ്പ്രറത്ത് പള്ളി ആക്രമിക്കപ്പെട്ടുവെന്നും ബ്രിട്ടീഷ് പട്ടാളം പള്ളി പൂര്‍ണമായും തകര്‍ത്തുവെന്നും വാര്‍ത്ത വന്നു.
കോട്ടയ്ക്കല്‍, താനൂര്‍, പരപ്പനങ്ങാടി എന്നീ സ്ഥലങ്ങളില്‍ നിന്ന് മുസ്ലീംങ്ങള്‍ കൂട്ടംകൂട്ടമായി വന്നെത്തി അവര്‍ തിരൂരങ്ങാടിയില്‍ കേന്ദ്രീകരിച്ചു. നേതാക്കന്മാര്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ നേരിട്ടു കണ്ടു. അറസ്റ്റിലായവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു. പൊടുന്നനവേ നിരായുധരായ ജനക്കൂട്ടത്തിനെതിരെ പൊലീസ് വെടിവയ്പു നടത്തി. നിരവധി പേര്‍ കൊല്ലപ്പെട്ടു. ജനം രോഷാകുലരായി. അക്രമം പൊട്ടിപ്പുറപ്പെട്ടു. ഏറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കുകളില്‍ കലാപം പടര്‍ന്നു പിടിച്ചു.
കലാപത്തിന്റെ ആദ്യഘട്ടത്തില്‍ ഹിന്ദുവിഭാഗത്തില്‍പ്പെട്ട ജന്മിമാര്‍ ആക്രമിക്കപ്പെട്ടു. നിരപരാധികളായ ധാരാളം പേര്‍ ആക്രമണത്തിനു വിധേയരായി. കലാപകാരികള്‍ ബഹുദൂരം സഞ്ചരിച്ച് ജന്മിമാരെ തിരഞ്ഞുപിടിച്ച് ആക്രമിച്ചു. എന്നാല്‍ കുഞ്ഞു അഹമ്മദ് ഹാജി പോലുള്ളവര്‍ കര്‍ശനമായി നിലപാട് സ്വീകരിച്ചു. ഹിന്ദുക്കളെ ഒരു കാരണവശാലും ആക്രമിക്കുകയോ അവരെ മറ്റുതരത്തില്‍ പീഡിപ്പിക്കാനോ പാടില്ലെന്ന് പ്രക്ഷോഭകാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ബ്രിട്ടീഷ് സര്‍ക്കാര്‍ പട്ടാള ഭരണം പ്രഖ്യാപിച്ചു. പട്ടാളത്തിന്റെ ക്രൂരമായ പീഡനങ്ങള്‍ ആരംഭിച്ച് പ്രക്ഷോഭം ഒരു പുതിയ രീതിയിലേക്ക് മാറി. അധികാരികളുടെ കടുത്ത സമ്മര്‍ദ്ദം ഹിന്ദു വിഭാഗത്തിന്റെ നേര്‍ക്കുണ്ടായി. സമ്മര്‍ദ്ദത്തിനു വഴങ്ങാന്‍ നിര്‍ബന്ധിതമായ സാഹചര്യം മുതലെടുത്തുകൊണ്ട് വസ്തുതകളെ പൂര്‍ണമായും മനസിലാക്കാത്ത ഒരു വിഭാഗം മുസ്ലീംങ്ങള്‍ ഹിന്ദുക്കള്‍ക്കെതിരായി തീര്‍ന്നു. ഇതിനകം തന്നെ ഹിന്ദുവിരുദ്ധ വികാരം മുസ്ലീംങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്നു.
ആ വികാരം ഈ സന്ദര്‍ഭത്തില്‍ ആളിക്കത്തി. ബലംപ്രയോഗിച്ച മതപരിവര്‍ത്തനം, ഹിന്ദുക്കള്‍ക്കെതിരെ നിരന്തരം ആക്രമണങ്ങള്‍, കൊലപാതകം, എല്ലാം നിയന്ത്രണാതീതമായി തീര്‍ന്നു. ഹിന്ദുക്കള്‍ക്കിടയില്‍ കടുത്ത നിരാശയും നിസഹായതയും അനുഭവപ്പെട്ടു. യഥാര്‍ത്ഥത്തില്‍ ജന്മിത്വത്തിനും ബ്രിട്ടീഷ് ഭരണത്തിനും എതിരായി ഉയര്‍ന്നുവന്ന ജനമുന്നേറ്റം വര്‍ഗീയ വികാരങ്ങളുടെ മുന്നേറ്റമായി വഴിമാറിയ ദാരുണ സംഭവമാണ് മലബാര്‍ ലഹള. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് നയത്തിന്റെ അരങ്ങേറ്റമായിരുന്നു മലബാര്‍ കലാപം.