വെല്ലിംഗ്ടണ്‍: കഴിഞ്ഞ അഞ്ച് വര്‍ഷം 24 മണിക്കൂറും പോലീസിന്റെ സൂക്ഷമ നിരീക്ഷണത്തില്‍ കഴിഞ്ഞ തീവ്ര മത ചിന്താഗതിയുള്ള ആള്‍ക്ക് രാജ്യത്ത് ഭീകരാക്രമണം നടത്താന്‍ കഴിഞ്ഞതിന്റെ ഞെട്ടലിലാണ് ന്യൂസിലന്‍ഡ് ജനത. ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളില്‍ ആദ്യ സ്ഥാനങ്ങളിലുള്ള ന്യൂസിലന്‍ഡില്‍ പോലീസിന്റെ ചെറിയ അശ്രദ്ധയില്‍നിന്നുണ്ടായ സംഭവം ഭരണ നേതൃത്വത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഓക്‌ലന്‍ഡിലെ ന്യൂലിന്‍ മേഖലയിലെ കൗണ്ട്ഡൗണ്‍ സൂപ്പര്‍മാര്‍ക്കറ്റിലാണ് വെള്ളിയാഴ്ച്ച ഉച്ചയോടെ ഭീകരാക്രമണം നടന്നത്.
ആക്രമണത്തില്‍ സാരമായി പരുക്കേറ്റവരുടെ എണ്ണം ഏഴായി ഉയര്‍ന്നു. അഞ്ച് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്നു പേരുടെ ആരോഗ്യനില അതീവഗുരുതരമാണ്.
അതിനിടെ, പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട അക്രമിയുടെ പേര് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡന്‍ വെളിപ്പെടുത്തി. 2011-ല്‍ ന്യൂസിലന്‍ഡില്‍ സ്റ്റുഡന്റ് വിസയില്‍ എത്തിയ ശ്രീലങ്കന്‍ തമിഴ് വംശജനായ അഹമ്മദ് ആദില്‍ മുഹമ്മദ് ഷംസുദീന്‍ (32) ആണ് അക്രമി. കടുത്ത ഐ.എസ്. അനുഭാവിയാണ് അഹമ്മദ് ആദില്‍.
ഓക്‌ലന്‍ഡില്‍ ഭീകരാക്രമണം നടത്തിയ പ്രതി തോക്കുമായി നില്‍ക്കുന്ന ചിത്രം. വര്‍ഷങ്ങള്‍ക്ക് മുമ്പ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്
രാജ്യത്ത് ഭീകരവിരുദ്ധ നിയമങ്ങള്‍ കര്‍ശനമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭീകര വിരുദ്ധ പോരാട്ടത്തിന് സെപ്റ്റംബര്‍ അവസാനത്തോടെ ശക്തമായ നിയമനിര്‍മ്മാണം നടത്തും. ഇതിലൂടെ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്ന ഒരാളെ കുറ്റവാളിയാക്കാന്‍ എളുപ്പം കഴിയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച നടന്ന സംഭവത്തിന് മുമ്പ് നിരവധി തവണ ഷംസുദ്ദീന്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ സമൂഹത്തില്‍ നിന്ന് പ്രതിയെ അകറ്റിനിര്‍ത്താനുള്ള നിയമപരമായ മാര്‍ഗങ്ങള്‍ പരാജയപ്പെട്ടതായി പ്രധാനമന്ത്രി പറഞ്ഞു.
ഐ.എസിനോട് അനുഭാവം പുലര്‍ത്തുന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞതിനാല്‍ അഞ്ച് വര്‍ഷമായി 24 മണിക്കൂറും ഇയാള്‍ സൂക്ഷമ നിരീക്ഷണത്തിലായിരുന്നു. മുപ്പതോളം പേരെയാണ് ഇയാളെ നിരീക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്നത്. എന്നിട്ടും ഇയാള്‍ക്ക് ആക്രമണം നടത്താന്‍ കഴിഞ്ഞതില്‍ പോലീസിനെതിരേ വിമര്‍ശനം ഉയരുകയാണ്.
സംഭവ ദിവസം പോലീസിന്റെ നിരീക്ഷണത്തില്‍നിന്നു രക്ഷപ്പെട്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ പ്രവേശിച്ച പ്രതി അവിടെയുണ്ടായിരുന്ന ട്രോളി എടുത്ത് ഷോപ്പിംഗ് ആരംഭിച്ചു. 10 മിനിറ്റോളം സാധാരണ പോലെ ഷോപ്പിംഗ് നടത്തിയശേഷമാണ് ആക്രമണം. വില്‍പ്പനയ്ക്ക് വെച്ചിരുന്ന വലിയ കത്തി കൈവശമാക്കി കണ്ണില്‍ കണ്ടവരെയൊക്കെ ആക്രമിക്കുകയായിരുന്നു. ഇയാള്‍ നിരീക്ഷണത്തില്‍ നിന്നും വഴുതി പോയെന്നു തിരിച്ചറിഞ്ഞതോടെ സെക്കന്‍ഡുകള്‍ക്കുള്ളില്‍ പോലീസ് സംഭവസ്ഥലത്ത് എത്തി. ഒരു മിനിറ്റിനകം ഇയാളെ വെടിവച്ച് കൊലപ്പെടുത്തി.
ഐ.എസ്. ആശയങ്ങളും തീവ്രവാദി ആക്രമണങ്ങളുടെ വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിലൂടെയാണ് പ്രതി പോലീസിന്റെ നോട്ടപ്പുള്ളിയാകുന്നത്. 2017 മേയില്‍, സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഓക് ലന്‍ഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് ഇയാള്‍ അറസ്റ്റിലായി. താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ തിരച്ചിലില്‍ ഐ.എസ്. പ്രചാരണം നടത്തിയതിന്റെ തെളിവുകളും ഒരു കത്തിയും കണ്ടെത്തി. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയച്ചെങ്കിലും 2018 ഓഗസ്റ്റില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു കത്തി വാങ്ങിയതിനെതുടര്‍ന്ന് പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു.
ന്യൂസിലന്‍ഡ് ജയിലില്‍ മൂന്ന് വര്‍ഷത്തോളം തടവിലായിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് ഇയാളെ ജയില്‍നിന്ന് മോചിപ്പിച്ചത്. ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടും പോലീസിന്റെ ശ്രദ്ധ തെറ്റിച്ച് ഇയാള്‍ എങ്ങനെയാണ് ആക്രമണം നടത്തിയതെന്ന ചോദ്യം ശക്തമാണ്.