കാബൂള്‍: വെടിയുതിര്‍ത്ത് താലിബാന്‍ നടത്തിയ ആഘോഷത്തില്‍ കുട്ടികളടക്കം 17 പേര്‍ കൊല്ലപ്പെട്ടു. പഞ്ച്ഷീര്‍ പ്രവിശ്യ പിടിച്ചെന്നവകാശപ്പെട്ടായിരുന്നു ആഘോഷം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവശിപ്പിച്ചു. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
അഫ്ഗാന്‍ പ്രാദേശിക മാധ്യമമായ അസ്വക നേരത്തെ സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. പിന്നീടാണ് മരിച്ചവരുടെ എണ്ണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. താലിബാന്റെ വെടിയേറ്റ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിന്റെ ദൃശ്യങ്ങളും വിവിധ വാര്‍ത്താ ഏജന്‍സികള്‍ പങ്കുവെച്ചിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് പഞ്ച്ഷീര്‍ പ്രവിശ്യ പിടിച്ചടക്കി എന്നവകാശപ്പെട്ട് താലിബാന്‍ രംഗത്തെത്തിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് പാക് മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും പ്രതിരോധ സേന ഇപ്പോഴും പോരാട്ടം തുടരുകയാണെന്നും വ്യക്തമാക്കി പാഞ്ച്ഷിറിലെ പ്രതിരോധസേനാ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.